മന്ത്രിസഭയിൽ ആരൊക്കെ, വകുപ്പുകൾ എങ്ങനെ? ഇന്നറിയാം; രണ്ട് മണിയോടെ പട്ടിക ഗവർണർക്ക് കൈമാറും





തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിമാരുടെ പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഉഭയകക്ഷി ചർച്ചകൾ ഇന്ന് രാവിലെ മുതൽ വീണ്ടും തുടരും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി വക്താവ് ദീപദാസ് മുൻഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കോൺഗ്രസിൽ നിന്നു മുഖ്യമന്ത്രിയടക്കം 11 പേരുണ്ടാകുമെന്ന് ഉറപ്പായി. ഘടകക്ഷികളുടെ മന്ത്രി സ്ഥാനങ്ങളിൽ അന്തിമ തീരുമാനം വന്നിട്ടില്ല. ഇക്കാര്യത്തിലൊക്കെ ഇന്ന് ഉച്ചയോടെ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെ ന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.
Previous Post Next Post