ഇഡി വാഹനങ്ങൾ തകർത്ത സംഭവം: ഡ്രൈവർക്ക് കണ്ണിന് ഗുരുതര പരുക്ക്….. ഡൽഹിയിൽ എം.എ. ബേബി അറസ്റ്റിൽ


സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ സംസ്ഥാനത്തും ദേശീയ തലത്തിലും വൻ സംഘർഷം. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സിപിഐഎം പ്രവർത്തകർ നടത്തിയ കനത്ത അക്രമത്തിൽ ഒരു ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കണ്ണിന് പരുക്കേറ്റ ഡ്രൈവറെ അടിയന്തരമായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സിപിഐഎം പ്രവർത്തകർ കല്ലെറിഞ്ഞും കമ്പികൊണ്ട് അടിച്ചും തകർത്ത ഇഡിയുടെ മൂന്ന് വാഹനങ്ങളും നിലവിൽ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ കൂകിവിളിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണ്ണമായും തകർത്ത നിലയിലാണ്. പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടർന്ന് തലസ്ഥാനത്ത് കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. അതിനിടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ തെരുവ് യുദ്ധമുണ്ടായി. അക്രമവുമായി ബന്ധപ്പെട്ട് ഒരു സിപിഐഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ് വീണ്ടും പരക്കെ സംഘർഷത്തിന് കാരണമായത്.ഇഡി നടപടിക്കെതിരെ ഡൽഹിയിലും വൻ പ്രതിഷേധമാണ് അരങ്ങേറിയത്. എകെജി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു എന്ന് ആരോപിച്ചായിരുന്നു ഡൽഹിയിലെ പ്രതിഷേധം. ഇഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സിപിഐഎം തീരുമാനം.



Previous Post Next Post