
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ തനിക്ക് യാതൊരുവിധ നിരാശയുമില്ലെന്ന് വ്യക്തമാക്കി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. പൂർണമായ ഒരു ടേമിൽ എംഎൽഎ ആയി പ്രവർത്തിച്ചു പരിചയമില്ലാത്തതിനാൽ തനിക്ക് പരിചയക്കുറവുണ്ടെന്ന് നേതൃത്വത്തിന് തോന്നിയിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ അത് അവർക്ക് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
തനിക്ക് വേണ്ടി സംസാരിച്ച മതമേലധ്യക്ഷന്മാർ ഉൾപ്പെടെയുള്ള എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിനെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അതൃപ്തി അറിയിച്ച വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാൻ ചാണ്ടി ഉമ്മൻ തയ്യാറായില്ല. ചില കാര്യങ്ങൾ പിന്നീട് പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണങ്ങളെക്കുറിച്ചും ചാണ്ടി ഉമ്മൻ സംസാരിച്ചു. ‘എല്ലാ കാര്യങ്ങളും ഇപ്പോൾ തുറന്നുപറയാനില്ല. എന്റെ കാരണവരായി നിൽക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. അദ്ദേഹത്തിന്റെ സ്വന്തം മകനേക്കാളേറെ എന്നെ അദ്ദേഹം സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്നെക്കുറിച്ച് അദ്ദേഹത്തിനും ചില ആശങ്കകൾ ഉണ്ടായിരിക്കാം. മന്ത്രിയാക്കാത്തതിനെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടത് ആ സ്നേഹം കൊണ്ടുകൂടിയാവാം എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.