തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു ദിവസമായിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ പരസ്യമായി സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിലാണ് പ്രധാനമായും തർക്കമുള്ളതെന്നും എന്നാൽ ഇതെല്ലാം ഇന്ന് വൈകുന്നേരത്തോടെ പരിഹരിച്ച് വിജ്ഞാപനം ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

വകുപ്പ് പ്രഖ്യാപനം വൈകിയതിൽ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ഇന്നലെയല്ലേ സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണരംഗത്ത് ചെലവ് കുറയ്ക്കുമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കുമെന്നും വ്യക്തമാക്കിയ മുരളീധരൻ, തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. കൂടാതെ കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ ശബരിമല സ്വർണ്ണക്കൊള്ളയിൽ ഊർജിത അന്വേഷണം നടത്തി കള്ളന്മാരെ പൂട്ടുമെന്നും സിസ്റ്റം ശരിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം വൈദ്യുതി വകുപ്പായിരുന്നു കെ. മുരളീധരന് നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹം ശക്തമായ എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് ആരോഗ്യം നൽകാൻ തീരുമാനിച്ചത്. മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകൾ നൽകിയേക്കുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും നിലവിൽ ആരോഗ്യ വകുപ്പ് മാത്രം നൽകാനാണ് സാധ്യത. ദേവസ്വം വകുപ്പ് ആർക്ക് നൽകണമെന്ന കാര്യത്തിൽ മുന്നണിയിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.

വകുപ്പ് വിഭജനത്തെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഫിഷറീസ് വകുപ്പിനെച്ചൊല്ലിയുള്ള തർക്കമാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലിം ലീഗ്, പകരം ഫിഷറീസ് വേണമെന്ന കടുത്ത നിലപാടിലാണ്. എന്നാൽ, ഫിഷറീസ് വകുപ്പ് ആ മേഖലയിൽ അറിവും പരിചയവുമുള്ളവർക്ക് തന്നെ നൽകണമെന്ന ആവശ്യവുമായി ലത്തീൻ കത്തോലിക്കാ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിലേക്ക് ഫിഷറീസ് വകുപ്പ് എത്തിയേക്കുമെന്നാണ് വിവരം. ലത്തീൻ സമുദായത്തിൽ നിന്നുള്ള നേതാവായ ഷിബു ബേബി ജോണിന് ഫിഷറീസ് നൽകിയാൽ, അദ്ദേഹത്തിന് നിലവിൽ നിശ്ചയിച്ചിരിക്കുന്ന വനംവകുപ്പ് മറ്റൊരാൾക്ക് നൽകേണ്ടി വരും. ഇത് കോൺഗ്രസിനകത്ത് വീണ്ടും പുനഃക്രമീകരണങ്ങൾക്ക് വഴിവെക്കും. ഇതിന് പുറമെ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നീ വകുപ്പുകൾ സംബന്ധിച്ചും കോൺഗ്രസും ഘടകകക്ഷികളും തമ്മിൽ ധാരണയിലെത്താനുണ്ട്.