ഇറാനെതിരെ ഉടനടി സൈനിക ആക്രമണത്തിന് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ.



മധ്യേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ഉടനടി സൈനിക ആക്രമണത്തിന് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. അമേരിക്കയിൽ നിന്നുള്ള അന്തിമ നിർദേശത്തിനായി കാത്തിരിക്കുന്ന ഇസ്രായേൽ സൈന്യത്തിന് (ഐഡിഎഫ്) നിലവിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യുദ്ധം ഏതുസമയത്തും ആരംഭിക്കാമെന്നും പൂർണ്ണ സജ്ജരായിരിക്കാനുമാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇറാന്റെ പ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരിക്കും പുതിയ ആക്രമണമെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അരമണിക്കൂറിലധികം നീണ്ട ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ശക്തമായത്.

ഇറാൻ ഭരണകൂടത്തിന് കടുത്ത ഭാഷയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാന്റെ സമയം അടുത്തുവെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. “ഇറാനെ സംബന്ധിച്ചിടത്തോളം സമയം മിടിക്കുകയാണ്. അവർ വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്. എത്രയും വേഗം കൃത്യമായ തീരുമാനമെടുത്തില്ലെങ്കിൽ അവശേഷിപ്പിക്കാൻ ഒന്നും കാണില്ല.” — ഡൊണാൾഡ് ട്രംപ് കുറിച്ചു. ഇറാനിൽ ആണവായുധം പ്രയോഗിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വ്യക്തമാക്കുന്ന ഒരു എഐ (AI) നിർമ്മിത ചിത്രവും ട്രംപ് തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.


അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഒമാൻ കടൽ അമേരിക്കയുടെ ശവക്കുഴിയാക്കുമെന്നാണ് ഇറാൻ സൈന്യം പ്രത്യാക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്. ആക്രമണത്തിന് മുമ്പ് തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

പ്രധാനമായും ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പിൻവലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഉപരോധം നീണ്ടുനിന്നാൽ ലോകരാജ്യങ്ങൾ അനുഭവിക്കേണ്ടി വരുന്ന നാശനഷ്ടങ്ങൾ വളരെ വലുതായിരിക്കുമെന്നും, എന്തിനും തയ്യാറായി തങ്ങളുടെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് മേലുള്ള ഒരു സമ്മർദ്ദ തന്ത്രങ്ങൾക്കും വഴങ്ങില്ലെന്ന് വ്യക്തമാക്കിയതോടെ മധ്യേഷ്യയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.


أحدث أقدم