കോടിക്കണക്കിനുള്ള തന്റെ സ്വത്തുക്കൾ വിശ്വസ്തനായ ഒരാളെ ഏൽപ്പിച്ചു, ശ്രീവിദ്യയുടെ അവസാന ആഗ്രഹം ഇന്നും ബാക്കിയാണ്’


        

മലയാള സിനിമയുടെ പ്രിയനായികയായ ശ്രീവിദ്യയെക്കുറിച്ചുള്ള സംവിധായകൻ അല്ലെപ്പേയ് അഷ്‌റഫിന്റെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കോടികൾ സമ്പാദിച്ചിട്ടും ജീവിതത്തിന്റെ അവസാനകാലത്ത് വലിയ സ്വപ്നങ്ങളുമായി വേദനയിലൂടെ കടന്നുപോയ നടിയായിരുന്നു ശ്രീവിദ്യയെന്ന് അദ്ദേഹം പറയുന്നു. നടിയുടെ അന്ത്യാഭിലാഷം ഇന്നും പൂർത്തിയാകാതെ കിടക്കുകയാണെന്ന വേദനയും ആലപ്പി അഷ്റഫ് പങ്കുവെക്കുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ:

”നിരവധി സിനിമകളിൽ അഭിനയിച്ച് കോടികൾ അവർ സമ്പാദിച്ച് കൂട്ടി. ഈ സമയത്ത് വിദ്യാമ്മയുടെ മനസിൽ ചില ആ​ഗ്രഹങ്ങൾ മൊട്ടിട്ടു. അഭിനയം നിർത്തുന്ന കാലത്ത് സ്വസ്ഥമായി അമേരിക്കയിൽ പോയി ജീവിക്കണം. അതുമല്ലെങ്കിൽ മനസിന്റെ ഭാരം ഇറക്കി വെച്ച് സത്യസായ് ബാവയുടെ ആശ്രമത്തിൽ തുടരണം. ആ​ഗ്രഹങ്ങളും സ്വപ്നങ്ങളും ഒരുപാട് നെയ്ത് കൂട്ടിയെങ്കിലും അതിലൊന്ന് പോലും നിറവേറ്റാൻ കഴിയാതെ മടങ്ങേണ്ടി വന്ന നിർഭാ​ഗ്യയായ നടിയാണ് വിദ്യാമ്മ.

ജീവിത സൗകര്യങ്ങളെല്ലാം ഒരുക്കി കാത്തിരിക്കുമ്പോഴാണ് വിധയുടെ ക്രൂരത വെള്ളിടി പോലെ അവരിൽ വന്ന് ഭവിച്ചത്. താനൊരു കാൻസർ രോ​ഗിയാണെന്ന സത്യം അവരെ വല്ലാതെ തളർത്തിക്കളഞ്ഞു. ജീവിതം കെെവിട്ട് പോയി എന്ന് മനസിലാക്കിയപ്പോഴേക്കും മനസിന് മാത്രമല്ല ശരീരത്തിലും രൂപത്തിലും പ്രകടമായ മാറ്റം വന്നു. അതീവ സുന്ദരിയായിരുന്ന വിദ്യാമ്മയുടെ ചുരുണ്ട കാർകൂന്തൽ കൊഴിഞ്ഞ് പോയി.

കണ്ണുകളിലെ തിളക്കവും ചേതനയും നഷ്ടപ്പെട്ടു. വശ്യമായ ചിരിയോടെ സംസാരിച്ചിരുന്ന ആ മുഖം കാർമേഘം പോലെ ഇരുണ്ട് ദുഖം തളംകെട്ടിനിൽക്കുകയായിരുന്നു എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. വീർത്ത വയറുമായി വേദന സഹിക്കാനാകാതെ മരണവും കാത്ത് കിടക്കുന്ന വിദ്യാമ്മയെക്കുറിച്ച് അന്ന് പലരും പറഞ്ഞപ്പോൾ കണ്ണുകൾ ഈറനണിയാതെ മനസാക്ഷിയുള്ളവർക്ക് കേട്ടിരിക്കാൻ കഴിയില്ല.

ഇനി താൻ അധിക നാളുണ്ടാകില്ലെന്ന് മനസിലാക്കിയ വിദ്യാമ്മ കോടിക്കണക്കിനുള്ള തന്റെ സ്വത്തുക്കൾ വിശ്വസ്തനായ ഒരാളെ ഏൽപ്പിക്കാൻ തീരുമാനിക്കുന്നു. അതിനായി അവർ ഏറ്റവും വിശ്വസ്തനായി തെരഞ്ഞെടുത്തത് മുൻമന്ത്രി ​ഗണേശ്കുമാറിനെയായിരുന്നു. അതിലും വിദ്യാമ്മയുടെ കണക്ക് കൂട്ടലുകൾ പാളി എന്ന് പറയാതെ വയ്യ.

തന്റെ സമ്പാദ്യങ്ങളെല്ലാം ഉപയോ​ഗിച്ച് ഒരു ട്രസ്റ്റ് രൂപീകരിച്ച് നിർധനരായ വിദ്യാർത്ഥികളെ നൃത്തം അഭ്യസിക്കാനുള്ള ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നും പാവപ്പെട്ട പലരെയും സഹായിക്കണമെന്നും ഊന്നിപ്പറഞ്ഞ് ഒരു വിൽപത്രമുണ്ടാക്കി അത് ​ഗണേശ്കുമാറിനെ ഏൽപ്പിച്ചു. വിദ്യാമ്മയുടെ മരണ ശേഷം അവരുടെ സഹോദരനും ബന്ധുക്കളും ചേർന്ന് പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ താനെല്ലാം സർക്കാരിനെ ഏൽപ്പിച്ച് പിന്തിരുഞ്ഞു എന്നാണ് ​ഗണേശ് കുമാർ പറഞ്ഞത്.

വിദ്യാമ്മ ഈ ആ​ഗ്രഹങ്ങൾ ഏൽപ്പിച്ച് കടന്ന് പോയിട്ട് 20 വർഷം പിന്നിട്ടിരിക്കുന്നു. നാളിത് വരെ ഈ ആ​ഗ്രഹ സഫലീകരണത്തിന് മുതിരാൻ ആരും തയ്യാറായിട്ടില്ല. ചെന്നെയിലെ കോടികൾ വിലയുള്ള അവരുടെ ഫ്ലാറ്റ് കഴിഞ്ഞ 20 വർഷമായി കോർപ്പറേഷൻ ടാക്സ് അടയ്ക്കാത്തതിനാൽ ജപ്തി നോട്ടീസ് പതിച്ചിരിക്കുകയാണെന്നും ഫ്ലാറ്റ് ആകെ നശിച്ച് കിടക്കുകയാണെന്നും പറയപ്പെടുന്നു. തിരുവനന്തപുരത്തുള്ള വീടും ധാരാളം സ്വർണാഭരണങ്ങളും ബാങ്ക് ബാലൻസും എന്തായെന്ന് ഒരു പിടിയുമില്ല.

ശ്രീവിദ്യാമ്മയുടെ അന്ത്യാഭിലാഷം നടക്കാൻ എന്നാലാകും വിധം ഞാനും പരിശ്രമിക്കും. അതിന് വേണ്ടി ഇക്കാര്യം മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുകയും നടത്തിപ്പിനായി ഫിലിം അക്കാദമിയെയോ ക്ഷേമനിധി ബോർഡിനെയോ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. സിനിമയിലെ രണ്ട് എംഎൽഎമാർ നമുക്കിപ്പോഴുണ്ട്. ആര്യാടൻ ഷൗക്കത്തും രമേശ് പിഷാരടിയും. അവരെയും ഞാൻ ഇക്കാര്യം ധരിപ്പിക്കും. ഇതിലേക്കായി സർക്കാരിന്റെ വലിയ മുതൽ മുടക്കൊന്നും ആവശ്യമില്ലല്ലോ. അതിലേക്കുള്ള പണവും സ്വത്തുമൊക്കെ അവർ വിശ്വസ്തനെ ഏൽപ്പിച്ചാണ് കടന്ന് പോയത്’.


        

أحدث أقدم