എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത


മുൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റി അതിജീവിത. എൽദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിൻകര കോടതിയിൽ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അതിജീവിതയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല.

എൽദോസിന്റെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ബലാത്സംഗക്കേസ് ഉണ്ടായിരുന്നതിനാൽ ഇത്തവണ എൽദോസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് തടസമായത് യുവതിയുടെ പരാതിയായിരുന്നു. 2022 സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നുപരാതി പിൻവലിച്ചാൽ 30 ലക്ഷംരൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. ആരോപണത്തെത്തുടർന്ന് സിഐയെ സ്ഥലം മാറ്റിയിരുന്നു. താൻ നിരപരാധിയാണെന്നും തന്റെ ഫോൺ സുഹൃത്തായിരുന്ന യുവതി മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എൽദോസ് പറഞ്ഞിരുന്നത്. പണം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നുമായിരുന്നു എൽദോസിന്റെ വാദം.

Previous Post Next Post