വി ഡി സതീശൻ ധനകാര്യം കൈകാര്യം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കും. രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസുമാകും കൈകാര്യം ചെയ്യുക. അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രി സ്ഥാനം നല്‍കുന്നതില്‍ തീരുമാനം ആയില്ല. സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേമും ഉറപ്പായി.
ആഭ്യന്തര വകുപ്പ് വേണമെന്നതിനോടൊപ്പം അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കില്‍ താൻ മന്ത്രിസഭയിലേക്കില്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം.
ഇന്നലെ കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും വി.ഡി സതീശനും നടത്തിയ ചർച്ചയില്‍ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നല്‍കാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണുഗോപാല്‍. തനിക്കൊപ്പമുള്ള എട്ടുപേരെയാണ് കെ.സി വേണുഗോപാല്‍ മന്ത്രിസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്.
സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനില്‍കുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്. ഇതില്‍ കെ.മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കും. ഇന്ന് വൈകിട്ടോടെ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാൻ ആണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.