അതേസമയം, അതുലുമായി മുൻപ് ബന്ധമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയും നിലവിൽ ജീവിച്ചിരിപ്പില്ലെന്ന ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ ആ ദൂരുഹതയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മർദ്ദനങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും ആരതി തന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരമായ മർദ്ദനങ്ങൾ പലരോടും പറഞ്ഞിരുന്നതാണ്. പക്ഷേ എന്റെ വിഷമങ്ങൾ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. ഭർത്താവിൽ നിന്ന് ഒരു സ്നേഹവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. കടുത്ത സാമ്പത്തിക ചൂഷണവും ശാരീരിക പീഡനവും സഹിക്കവയ്യാതെയാണ് ഞാൻ ജീവിതം അവസാനിപ്പിക്കുന്നത്. – ആരതി കുറിപ്പിൽ പറയുന്നു. ആരതിക്ക് രക്ഷിതാക്കൾ നൽകിയ സ്വർണ്ണവും പണവും അതുൽ സ്വന്തം ആവശ്യങ്ങൾക്കും ധൂർത്തിനുമായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതുലിന് വലിയ രീതിയിൽ കടബാധ്യതകൾ ഉണ്ടായിരുന്നു. ഒടുവിൽ ആരതിയുടെ പക്കൽ അവശേഷിച്ച സ്വർണ്ണം കൂടി ആവശ്യപ്പെട്ട് ഇയാൾ നിരന്തരം വഴക്കിട്ടിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.
ആരതിയുടെ മൃതദേഹത്തിൽ കടുത്ത മർദ്ദനമേറ്റതിന്റെ 17-ഓളം മുറിവുകളാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയത്. മരണപ്പെടുന്നതിന് തൊട്ടുമുൻപത്തെ ദിവസം അതുലിന്റെ മർദ്ദനമേറ്റ് ശരീരത്തിലുണ്ടായ മുറിവുകളുടെ ചിത്രങ്ങൾ ആരതി സ്വന്തം അമ്മയ്ക്ക് മൊബൈലിൽ അയച്ചു കൊടുത്തിരുന്നു. അതുൽ ആരതിയെ നിരന്തരം ഉപദ്രവിക്കുന്നത് അതുലിന്റെ വീട്ടുകാർക്ക് കൃത്യമായി അറിയാമായിരുന്നു വെന്ന് ആരതിയുടെ അമ്മ ജിനു മാധ്യമങ്ങളോട് പറഞ്ഞു.