ഷാജിക്ക് നല്ല മാറ്റമുണ്ട്, അത് ബിജെപിക്കാണ് അനുകൂലം’… യുഡിഎഫിനെതിരെ ‘ഷേക്‌സ്പിയർ ശൈലിയിൽ’ എ കെ ബാലന്റെ പരിഹാസം




പാലക്കാട്: യുഡിഎഫ് സർക്കാരിന്റെ കൂട്ടുത്തരവാദിത്തം പൂർണ്ണമായും നഷ്ടപ്പെട്ടെന്നും സംസ്ഥാന ബജറ്റിന്റെ നിയമപരമായ അസ്തിത്വം തന്നെ ഇല്ലാതായെന്നും സി പി ഐ എം നേതാവ് എ കെ ബാലൻ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബിൽ പാസാക്കിയ ശേഷം ചർച്ച ചെയ്യാമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന ശുദ്ധ അസംബദ്ധമാണെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ ഉൾപ്പെടാത്ത ഒരു വിഷയം മുഖ്യമന്ത്രി ഏകപക്ഷീയമായി ബജറ്റിൽ പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഗവർണറെ കൂടി അപമാനിക്കുന്നതിന് തുല്യമാണ്. അതിനാൽ നയം പ്രഖ്യാപിക്കുന്നത് വരെ ധനബിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.

മന്ത്രി കെ എം ഷാജിക്കെതിരെയും കടുത്ത ഭാഷയിലാണ് എ കെ ബാലൻ പ്രതികരിച്ചത്. ഷാജിക്ക് ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും എന്നാൽ ആ മാറ്റം യുഡിഎഫിനല്ല, മറിച്ച് ബിജെപിക്കാണ് അനുകൂലമെന്നും അദ്ദേഹം കടന്നാക്രമിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ എംബ്ലം പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന കെ എം ഷാജിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ബാലൻ പരിഹസിച്ചു. യുഡിഎഫ് ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുകയാണെന്ന് ആരോപിച്ച അദ്ദേഹം, കേന്ദ്ര സർക്കാരിനെതിരെ ഒന്നും പറയാൻ കെ എം ഷാജിയും യുഡിഎഫും തയ്യാറാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. ‘മതമാണ് പ്രശ്നം’ എന്ന് മാത്രം ഇനി അവർ ഭേദഗതി ചെയ്താൽ മതിയെന്നും ബാലൻ പരിഹസിച്ചു.

പിണറായി വിജയൻ സംഘികളുടെ ആളാണെന്ന് മുൻപ് പ്രചരിപ്പിച്ചവർക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷേക്‌സ്പിയർ കൃതികളിലെ പ്രതികാര ദേവതയെപ്പോലെ കാലം യുഡിഎഫിന് തിരിച്ചുനൽകുന്ന പ്രഹരമാണിതെന്നും എ കെ ബാലൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Previous Post Next Post