കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട…. 110 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ


കൊച്ചി: എറണാകുളത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ചേരാനല്ലൂർ അമൃത നഗറിൽ നടത്തിയ പരിശോധനയിൽ 110 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. തൃശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂർ മനവലശ്ശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവരാണ് പിടിയിലായത്. ലഹരി മാഫിയകളെ ലക്ഷ്യമിട്ട് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറിൻ്റെ’ ഭാഗമായാണ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ എക്സൈസ് ശക്തമാക്കിയിട്ടുണ്ട്. 10 ഗ്രാം എംഡിഎംഎ, എംഡിഎംഎ വിറ്റ വകയിൽ ലഭിച്ച 1,85,650 രൂപ, ലഹരി കടത്താൻ പ്രതികൾ ഉപയോഗിച്ച വാഹനം എന്നിവയാണ് പിടിച്ചെടുത്തവ. പിടിയിലായ പ്രതികൾ കൊച്ചി നഗര കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണെന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇവർക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് ശൃംഖലകൾ ഉണ്ടോയെന്നും എക്സൈസ് വിശദമായി അന്വേഷിച്ചുവരികയാണ്.

أحدث أقدم