തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ, വെള്ളി വിലകളിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് തവണയായി വർദ്ധിച്ച സ്വർണ്ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 190 രൂപയുടെ കുറവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1520 രൂപ കുറഞ്ഞു. സ്വർണ്ണത്തിന് പിന്നാലെ വെള്ളിവിലയിലും ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ വിപണി നിരക്ക് പ്രകാരം ഒരു ഗ്രാം സ്വർണ്ണത്തിന് 13,375 രൂപയാണ് വില. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,07,000 രൂപയും നൽകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സ്വർണം പവന് 1080 രൂപ കൂടിയ ശേഷമാണ് ഇന്ന് 1520 രൂപയുടെ വൻ കുറവ് രേഖപ്പെടുത്തിയത്.
സ്വർണ്ണത്തോടൊപ്പം വെള്ളിവിലയും ഇന്ന് വലിയ തോതിൽ കുറഞ്ഞു. ഗ്രാമിന് 5 രൂപയും കിലോയ്ക്ക് 5000 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 245 രൂപയായി മാറി. ഇറാൻ-അമേരിക്ക സമാധാനകരാറിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിപണിയിൽ നേരെ വിപരീതമായ സാഹചര്യമാണ് ഉണ്ടായത്. യുഎസ് ഡോളർ ശക്തിയാർജ്ജിച്ച് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ആഗോള ഘടകങ്ങളാണ് വില കുറയാൻ കാരണമായത്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ മുൻപന്തിയിലാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും. എങ്കിലും ആഗോള വിപണിയിൽ വില കൂടിയാൽ അതേ അനുപാതത്തിൽ കേരളത്തിൽ വില കൂടണമെന്നില്ലെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു