
പതിനാറുകാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നു. കോഴിക്കോട് ചേവായൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന അയ മെഹ്‌റ (16) എന്ന വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. മെയ് 15ാം തിയ്യതി രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ 18 ദിവസമായിട്ടും കുട്ടി എവിടെയാണെന്ന് യാതൊരു വിവരവുമില്ല. കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നുമാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
പെൺകുട്ടിയെ വീടിന് സമീപത്ത് വച്ച് ഏതാനും പേർ കടത്തിക്കൊണ്ടു പോയെന്നാണ് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ഒരു സംഘം യുവാക്കളാണ് കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകൾ ചുമത്തി ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെളുത്ത നിറത്തിൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ള പെൺകുട്ടിയുടെ മൂക്കിൽ കറുത്ത മറുകുണ്ട്. ഏകദേശം 150 സെന്റിമീറ്റർ ഉയരമുള്ള കുട്ടിയെ കണ്ടുകിട്ടുന്നവർ 9497987182, 9497980706, 0495-2371403 നമ്പറിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.