
കണ്ണൂരിലെ പിലാത്തറയിൽ രക്തക്കറയുമായി ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാർ ആരുടേതെന്ന് വ്യക്തമായി. കാർ തന്‍റേതാണെന്ന് പറഞ്ഞ് ഇതര സംസ്ഥാനക്കാരൻ പൊലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശി കുമാർ ജലിന്ദർ നിഗവും കുടുംബവുമാണ് പരാതിയുമായി എത്തിയത്. മോഷ്ടാക്കൾ കാർ തട്ടിയെടുത്തെന്നാണ് മൊഴി. കുടുംബത്തിന്‍റെ പരാതിയിൽ പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.
രാവിലെ ആറു മണിയോടെ പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഗ്രാൻഡ് വിറ്റാര കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ അങ്ങിങ്ങായി രക്തക്കറയുണ്ടായിരുന്നു. ചില്ലുകൾ തകർന്നിരുന്നു. പുറത്ത് തുറന്ന പെട്ടികളും വലിച്ചു വാരിയിട്ട വസ്ത്രങ്ങളും കണ്ടെത്തി. പിന്നാലെ പരിയാരം പൊലീസ് സ്ഥലത്ത് എത്തി. അക്രമികളെ കുറിച്ചോ കാറിൽ ഉണ്ടായിരുന്നവരെ കുറിച്ചോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. എന്നാൽ മണിക്കൂറുകൾക്കകം തലശ്ശേരിയിൽ നിന്ന് നിർണായക വിവരം എത്തി. സ്വർണ വ്യാപാരിയായ അശോക് യശ്വന്തിന്റെതാണ് കാർ. കാറിൽ ഉണ്ടായിരുന്നത് സുഹൃത്തും സ്വർണ വ്യാപാരിയുമായ കുമാർ ജലിന്തർ സിങും കുടുംബവും. തലശ്ശേരി എസിപിയുടെ നേതൃത്വത്തിൽ വിവരം ചോദിച്ചറിഞ്ഞു. ശേഷം ആക്രമിക്കപ്പെട്ട കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി