കോട്ടയം : പത്തനംതിട്ട ഓമല്ലൂരിലെ ‘എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ’ പ്രായപൂർത്തിയാകാത്ത 17കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് സ്ഥാപനത്തിൽ താമസിപ്പിച്ചിരുന്ന ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർത്ഥിക്കാണ് ക്രൂരമർദ്ദനമേറ്റത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥാപന മാനേജർ അടക്കം മൂന്ന് പേരെ പ്രതിചേർത്തു. റെജി, ബെന്നി, സിജോ എന്നിവർക്കെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തത്. സംഭവസ്ഥലം പത്തനംതിട്ടയിലായതിനാൽ ഈ കേസ് തുടർഅന്വേഷണത്തിനായി പത്തനംതിട്ട പൊലീസിന് കൈമാറും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം കഴിഞ്ഞ മാർച്ച് 11-നാണ് യൂട്യൂബ് വീഡിയോ കണ്ട് ഈ സ്ഥാപനത്തെക്കുറിച്ച് അറിയുന്നതും ആരാധനയ്‌ക്കെത്തുന്നതും. കുടുംബത്തിലെ മൂത്ത കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാമെന്നും വീഡിയോ എഡിറ്റിങ്ങ് പഠിപ്പിച്ച് ജോലി നൽകാമെന്നുമായിരുന്നു സ്ഥാപന അധികൃതരുടെ വാഗ്ദാനം. എന്നാൽ അവിടെയെത്തിയ കുട്ടിയെക്കൊണ്ട് മണ്ണെടുപ്പ്, കല്ലുചുമട്, പ്രായമായ ആളുകളെ കുളിപ്പിക്കൽ തുടങ്ങിയ കഠിന ജോലികളാണ് ചെയ്യിപ്പിച്ചത്. മൂന്ന് മാസമായി ഇവിടെ താമസിക്കുന്ന കുട്ടി, പഠനം നടക്കാത്തതിനെക്കുറിച്ച് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം ആരോപിച്ച് ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരമാകെയും ഗുരുതരമായ പരിക്കുകളും മുറിവുകളുമുണ്ട്. സ്ഥാപനത്തിലെ ഒരു യുവതി തന്നെയാണ് കുട്ടിയുടെ വീട്ടുകാരെ വിളിച്ച് “കുട്ടിയുടെ ജീവൻ വേണമെങ്കിൽ എത്രയും വേഗം ഇവിടെയെത്തി മോചിപ്പിക്കണം” എന്ന് രഹസ്യമായി അറിയിച്ചത്.
വാർത്ത പുറത്തുവന്നതോടെ കട്ടപ്പന ഡിവൈഎസ്പി കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി. ഈ സെന്ററിന് കീഴിലുള്ള ‘സ്‌നേഹമന്ദിരത്തിൽ’ പ്രായപൂർത്തിയാകാത്ത കുട്ടികളും മുതിർന്നവരും അടക്കമുണ്ടെന്നും അവർ അവിടെ നരകയാതനയാണ് അനുഭവിക്കുന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. നിലവിൽ സ്ഥാപന ഉടമയെ പ്രതി ചേർത്തിട്ടില്ലെങ്കിലും പത്തനംതിട്ട പൊലീസ് ഉടൻ തന്നെ സ്ഥാപനത്തിൽ വിശദമായ പരിശോധന നടത്തും. വിവാദങ്ങളോട് പ്രതികരിക്കാൻ സ്ഥാപന ഉടമ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട മന്ത്രി ബിന്ദു കൃഷ്ണ, വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തിൽ നേരിട്ടെത്തി പരിശോധന നടത്തുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.