താമരശ്ശേരിയിൽ 22-കാരി ജീവനൊടുക്കിയ സംഭവം… പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം


കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ജീവനൊടുക്കിയ ദാരുണ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. കൊണ്ടോട്ടി പുളിക്കൽവയൽ സ്വദേശിയായ അഭിനവ് എന്ന യുവാവ് വിവാഹത്തിൽനിന്നും അവസാന നിമിഷം പിൻമാറിയതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നു. കഴിഞ്ഞ ജൂൺ എട്ടാം തിയ്യതിയാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.

കോഴിക്കോട്ടെ ഒരു പ്രമുഖ മാൾ സന്ദർശിച്ച അവസരത്തിലാണ് ചൈനീസ് ഷെഫായി ജോലി ചെയ്യുന്ന അഭിനവിനെ നന്ദന പരിചയപ്പെടുന്നത്. തുടർന്ന് ഫോൺ നമ്പർ കൈമാറി ഇരുവരും അടുത്ത സൗഹൃദത്തിലാവുകയും പിന്നീട് വിവാഹം കഴിക്കാനുള്ള താൽപര്യം പരസ്പരം അറിയിക്കുകയുമായിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹത്തിനായുള്ള ഒരുക്കങ്ങളും അതിവേഗം ആരംഭിച്ചു. അഭിനവിന്റെ വീട്ടുകാർ താമരശ്ശേരിയിലുള്ള നന്ദനയുടെ വീട്ടിലെത്തി സംസാരിക്കുകയും, വിവാഹ നിശ്ചയത്തിന്റെ ഭാഗമായി വളയിടൽ ചടങ്ങിനുള്ള തിയ്യതി കുറിക്കുകയും ചെയ്തിരുന്നു. ചടങ്ങിനുള്ള ഒരുക്കങ്ങൾ വീട്ടിൽ സജീവമായി നടക്കുന്നതിനിടയിലാണ് തനിക്ക് ഈ വിവാഹത്തിന് ഒട്ടും താൽപര്യമില്ലെന്ന വിവരം അഭിനവ് നന്ദനയെ വിളിച്ച് അറിയിക്കുന്നത്. ഇതിൽ മനംനൊന്താണ് നന്ദന വീടിന്റെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.അഭിനവ് നന്ദനയോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് നന്ദനയുടെ സഹോദരി വെളിപ്പെടുത്തി. അഭിനവ് നിരന്തരം നന്ദനയെ ബോഡി ഷെയ്മിങ് (ശരീരത്തെ അധിക്ഷേപിക്കൽ) നടത്തിയിരുന്നു. പെരുമാറ്റം ശരിയല്ല എന്ന തരത്തിൽ മോശമായ രൂപത്തിലാണ് അവൻ എപ്പോഴും അവളോട് സംസാരിച്ചിരുന്നത്. ഇത് നന്ദനയെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു. വിവാഹ ആലോചനകളുടെ സമയത്ത് അഭിനവിന്റെ വീട്ടുകാരും വിദേശത്തുള്ള അദ്ദേഹത്തിന്റെ പിതാവും നിരന്തരം ഫോണിൽ നന്ദനയെ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ നന്ദന മരിച്ച് ഇത്ര ദിവസമായിട്ടും അഭിനവോ അയാളുടെ കുടുംബമോ തങ്ങളെ ഫോണിൽ വിളിക്കുകയോ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിൽ വരികയോ ചെയ്തിട്ടില്ലെന്നും ബന്ധുക്കൾ കടുത്ത അമർഷത്തോടെ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056

أحدث أقدم