കായംകുളത്ത് യുവാവിനെ ആക്രമിച്ച് മൂക്കും താടിയെല്ലും തകർത്ത കേസ്… മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ


കായംകുളം: യുവാവിനെ ക്രൂരമായി ആക്രമിച്ച് മുഖത്തെ എല്ലുകൾ തകർത്ത് കഠിനമായി പരിക്കേൽപ്പിച്ച കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പോലീസ് വിജയകരമായി പിടികൂടി. ക്ലാപ്പന പ്രയാർ സൗത്ത് കൊല്ലശ്ശേരിൽ പടീറ്റതിൽ അഖിൽ (27) ആണ് കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. മുൻവൈരാഗ്യത്തിന്റെ പേരിൽ നടന്ന ക്രൂരമായ ആക്രമണത്തിന് ശേഷം ഇയാൾ വിവിധ ജില്ലകളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 25-ാം തീയതി രാത്രി ഒൻപതരയോടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപത്തുവെച്ചായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടക്കുന്നത്. അനിൽ കുമാർ എന്ന യുവാവിനെ മുൻവൈരാഗ്യത്തെ തുടർന്ന് അഖിലിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വലിയ കല്ലുകൾ തുണിയിൽ പൊതിഞ്ഞുകെട്ടി, അത് ഉപയോഗിച്ച് അനിൽകുമാറിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അക്രമത്തിൽ അനിൽ കുമാറിന്റെ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും ഗുരുതരമായി പൊട്ടലേറ്റിരുന്നുകൃത്യത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെ സംഭവം നടന്നതിന് പിന്നാലെ തന്നെ കരീലക്കുളങ്ങര പോലീസ് അതിവേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ അഖിൽ പോലീസിനെ വെട്ടിച്ച് എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. തുടർന്ന് കരീലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ പി. ജെ. നോബിളിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്. നിതിൻ, എഎസ്ഐ സുഭാഷ്, സിവിൽ പോലീസ് ഓഫീസർമാരായ സബീഷ്, ജയകൃഷ്ണൻ, രഞ്ജിത്ത്, അജീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വളഞ്ഞുപിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

أحدث أقدم