24 മണിക്കൂറിനുള്ളിൽ 3 മിസൈൽ പരീക്ഷണങ്ങൾ… ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ ചരിത്രവിജയം!


ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ മേഖലയിൽ സമാനതകളില്ലാത്ത ചരിത്രപരമായ നേട്ടം കൈവരിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). 2026 ജൂൺ 10, 11 തീയതികളിലായി വെറും 24 മണിക്കൂറിനുള്ളിലാണ് ഇന്ത്യ മൂന്ന് അത്യാധുനിക മിസൈൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. രണ്ട് ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് (BMD) ഇന്റർസെപ്റ്റർ മിസൈലുകളും നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത തദ്ദേശീയമായ നേവൽ ആന്റി-ഷിപ്പ് മിസൈൽ-മീഡിയം റേഞ്ചുമാണ് (NASM-MR) ഒന്നിനുപുറകെ ഒന്നായി വിജയകരമായി പരീക്ഷിച്ചത്.

ഈ ചരിത്ര നേട്ടത്തോടെ ഐസിബിഎം (ICBM) അഥവാ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വരെ അന്തരീക്ഷത്തിൽ വെച്ച് തകർക്കാൻ ശേഷിയുള്ള ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പിലേക്ക് ഇന്ത്യയും ഔദ്യോഗികമായി എത്തിയിരിക്കുകയാണ്. ശത്രുരാജ്യങ്ങളുടെ ദീർഘദൂര മിസൈലുകളെയും മറ്റ് അത്യാധുനിക വ്യോമയാന ഭീഷണികളെയും പൂർണ്ണമായും പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ഫേസ്-II ബിഎംഡി പദ്ധതി നടപ്പിലാക്കുന്നത്. അന്തരീക്ഷത്തിന് അകത്തും (Endo-atmospheric) പുറത്തും (Exo-atmospheric) വെച്ച് ശത്രു മിസൈലുകളെ കൃത്യമായി ലക്ഷ്യം വെച്ച് തകർക്കാൻ ശേഷിയുള്ള മൾട്ടി-ലെയർ പ്രതിരോധ സംവിധാനമാണ് ഇതിലൂടെ പരീക്ഷിക്കപ്പെട്ടത്. അത്യാധുനിക റഡാർ ശൃംഖലകളും കമാൻഡ് സിസ്റ്റങ്ങളും ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ച മിസൈൽ ലക്ഷ്യങ്ങളെ അതീവ കൃത്യതയോടെ പിന്തുടർന്ന് തകർക്കാൻ ഈ ഇന്റർസെപ്റ്റർ മിസൈലുകൾക്ക് സാധിച്ചു.ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമെ, നാവികസേനയുടെ ആക്രമണ-പ്രതിരോധ ശേഷി വൻതോതിൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നേവൽ ആന്റി-ഷിപ്പ് മിസൈൽ (NASM-MR) പരീക്ഷണം നടത്തിയത്. സമുദ്രോപരിതലത്തിലുണ്ടാകുന്ന ഏത് തരത്തിലുള്ള ശത്രുതാപരമായ നീക്കങ്ങളെയും ആക്രമണങ്ങളെയും കൃത്യമായി നേരിടാനും തകർക്കാനും ഈ പുതിയ മിസൈൽ സംവിധാനം നാവികസേനയെ സഹായിക്കും. ഇന്ത്യയുടെ ഈ വൻ ചരിത്ര നേട്ടത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രശംസിച്ചു. രാജ്യസുരക്ഷാ ഭീഷണികൾക്കെതിരെ ശക്തമായ പ്രതിരോധ കവചം തീർക്കാൻ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു.


അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ സംവിധാനങ്ങൾ വളർന്നുവരുന്ന പുതിയ കാലത്തെ വ്യോമാക്രമണ ഭീഷണികളെ നേരിടാൻ പൂർണ്ണ സജ്ജമാണെന്നും, ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ തദ്ദേശീയ കരുത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വിജയമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. ആഗോള പ്രതിരോധ ഭൂപടത്തിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയും സൈനിക ശക്തിയും വിളിച്ചോതുന്നതാണ് ജൂൺ 10, 11 തീയതികളിൽ നടന്ന ഈ മിസൈൽ വേട്ട

Previous Post Next Post