
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ ആശങ്കാജനകമായി തുടരുന്നു. ഇന്ന് കൊല്ലം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ജൂൺ മാസം മാത്രം സംസ്ഥാനത്താകെ 191 പേർക്കാണ് രോഗം ബാധിച്ചത്. ഇതിനോടകം ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ആകെ 267 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്.
ജൂൺ മാസത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രോഗവ്യാപനം ശക്തമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ നിലവിൽ ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കോഴിക്കോട് (65), വയനാട് (26), തൃശൂര്‍ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗവ്യാപനം തടയുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഭക്ഷണസാധനങ്ങൾ അടച്ചുവെക്കുക തുടങ്ങിയ കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.