
കോടികൾ മുടക്കി നിർമ്മിച്ച വിതുര താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടം അധികൃതരുടെ അനാസ്ഥയെത്തുടർന്ന് വെറുതെ കിടക്കുന്നു. 2,96,79,715 രൂപ ചിലവഴിച്ച് പണിതുയർത്തിയ കെട്ടിടത്തിന് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം വിതുര പഞ്ചായത്ത് ഇതുവരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർത്തിയാകാത്തതും മാലിന്യ നിർമാർജന സംവിധാനമില്ലാത്തതുമാണ് കെട്ടിടത്തിന് തിരിച്ചടിയായത്. 2018–19 വർഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി, അന്നത്തെ ഡിവിഷൻ മെംബറായിരുന്ന വി.കെ. മധുവിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ കെട്ടിടം വിതുരയ്ക്ക് അനുവദിച്ചത്.
അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എത്തി ആഘോഷപൂർവം നടത്തിയ ഉദ്ഘാടന ചടങ്ങിൽ കെട്ടിടത്തിന്റെ പണി അതിവേഗം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കെട്ടിടത്തിന്റെ പണി ഏകദേശം 7 വർഷത്തോളം നീണ്ടു. പരാതികൾ നിരന്തരമായതോടെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അന്നത്തെ മന്ത്രി വീണ ജോർജ് കെട്ടിടം ഉദ്ഘാടനം ചെയ്തു. പക്ഷേ അപ്പോഴും പണി പൂർത്തിയായിരുന്നില്ല. ഒട്ടും വൈകാതെ കെട്ടിടം പ്രവർത്തിച്ചു തുടങ്ങുമെന്നായിരുന്നു അന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചത്. പക്ഷേ പാലിക്കപ്പെട്ടില്ല. പിന്നാലെ പുതിയ കെട്ടിടത്തിൽ ഫർണച്ചറുകൾ വാങ്ങാനായി പ്രത്യേക ഫണ്ട് വേണമെന്നും അത് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തുമെന്നും അറിയിച്ചു. അതും നടന്നില്ല. ഏറ്റവും ഒടുവിലാണ് കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയിട്ടില്ലെന്ന വിവരവും പുറത്തു വരുന്നത്.പുതിയ താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ വലുപ്പവും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കേണ്ട ഉപകരണങ്ങളുടെ എണ്ണവും കണക്കിലെടുത്താൽ കണക്‌ഷൻ ലോഡ് കൂടുതലാണെന്നാണ് കെഎസ്ഇബിയുടെ പക്ഷം. ഇതിനെ പ്രതിരോധിക്കാൻ പര്യാപ്തമായ സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇതുൾപ്പെടെയുള്ള ഇലക്ട്രിഫിക്കേഷൻ ജോലികൾക്ക് 3 ലക്ഷം രൂപയോളം ചെലവാകും. ഇത് അനുവദിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതായി വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ഒരു മാധ്യമത്തോട് പറഞ്ഞു.
പുതിയ താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനു സജ്ജമായതിനു പിന്നാലെ ഫിറ്റ്നസ് പ്രശ്നം ചൂണ്ടിക്കാട്ടി പഴയ ബഹുനില കെട്ടിടം പൂട്ടിയിരുന്നു. അവിടെയായിരുന്നു ഐപി വാർഡ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് വാർഡ് മാറ്റുമെന്നായിരുന്നു ധാരണ. എന്നാൽ പുതിയ കെട്ടിടം പ്രവർത്തിച്ചു തുടങ്ങാതെ വന്നതോടെ ഐപി വാർഡ് വഴിയാധാരമായി. നിലവിൽ കാഷ്വാലിറ്റിക്കു സമീപം നിരീക്ഷണ വാർഡിനോട് ചേർന്നാണ് ഐപി വാർഡ് . സ്ഥല പരിമിതി പ്രശ്നമാണ്. പഴയ ബഹുനില കെട്ടിടത്തിന്റെ നവീകരണത്തിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി ഉടൻ പൂർത്തിയാകുമെന്നാണ് അധികൃതരുടെ അവകാശ വാദം.