ഹെൽമെറ്റില്ലെങ്കിൽ 3 മാസം…. ലൈസൻസ് സസ്‌പെൻഷനൊപ്പം ‘സാരഥി’ പോർട്ടലിൽ പേരും വരും…. എംവിഡിയുടെ പുതിയ നിയമം


തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘകർക്കെതിരെയുള്ള ശിക്ഷാനടപടികൾ അതീവ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ആംബുലൻസുകൾക്ക് വഴി നൽകാതിരുന്നാലോ, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചാലോ ഇനിമുതൽ പിഴയ്ക്ക് പുറമേ ഡ്രൈവിംഗ് ലൈസൻസ് നേരിട്ട് സസ്‌പെൻഡ് ചെയ്യും. പുതിയ മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ ആർ.ടി.ഒ മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനും തീരുമാനമായി.


ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 3 മാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുക. ഇതിനൊപ്പം ഒരു ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും ഇവർ പങ്കെടുക്കണം. ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടുന്ന നിയമലംഘകരുടെ പേരുകൾ നാണക്കേടായി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കേന്ദ്ര സർക്കാരിന്റെ ‘സാരഥി’ പോർട്ടലിലും പരസ്യമായി പ്രസിദ്ധീകരിക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 1 മുതൽ 3 ദിവസം വരെ നീളുന്ന പരിശീലന ക്ലാസുകളാണ് നൽകുക. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാ വാഹനങ്ങൾക്ക് വഴി നൽകാതെ തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ഏറ്റവും കടുത്ത നടപടിയുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നതും റോഡിലെ നിയമവിരുദ്ധ റേസിംഗും വച്ചുപൊറുപ്പിക്കില്ലെന്ന് എം.വി.ഡി വ്യക്തമാക്കി. അശ്രദ്ധ മൂലമോ മദ്യപിച്ച് വാഹനം ഓടിച്ചോ ആർക്കെങ്കിലും മരണം സംഭവിച്ചാൽ ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം 5 ദിവസത്തെ കഠിനമായ ക്രാഷ് കോഴ്‌സ് പരിശീലനവും പൂർത്തിയാക്കേണ്ടി വരും. വരും ദിവസങ്ങളിൽ റോഡുകളിൽ പരിശോധന കടുപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Previous Post Next Post