ഭീതി പരത്തി തെരുവുനായ ആക്രമണം…. തിരുവനന്തപുരത്ത് വീടിനുള്ളിൽ കയറി വയോധികയെ കടിച്ചുകീറി….. 4 പേർക്ക് പരിക്ക്


        

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തിരുവനന്തപുരം കല്ലമ്പലത്ത് പനി ബാധിച്ച് വീടിനുള്ളിൽ വിശ്രമിക്കുകയായിരുന്ന 65 വയസ്സുകാരിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. കല്ലമ്പലം കരവാരം സ്വദേശിനി ഗിരിജയ്ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ സമയത്ത് വീടിന്റെ മുൻവാതിൽ തുറന്നുകിടന്ന സമയത്താണ് നായ അകത്തുകയറിയത്. വീട്ടിനുള്ളിൽ നായയെ കണ്ട ഗിരിജ ഇതിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നായ ചാടിവീണ് കൈയിൽ കടിച്ചുകീറുകയായിരുന്നു.


ഗിരിജയെ കൂടാതെ കരവാരം പ്രദേശത്ത് മറ്റ് നാല് പേരെക്കൂടി ഈ നായ ആക്രമിച്ചതായി വിവരമുണ്ട്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. അക്രമം നടത്തിയ നായയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തെരുവുനായയെ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധ ഉണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് കടുത്ത സംശയമുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്നും വാർഡ് മെമ്പർ വ്യക്തമാക്കി. അധികൃതർ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post