
കൽപ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. വയനാട് കോളയാടി സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല കേസുകളിൽ അസാധാരണമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 114 പേർക്കാണ് ഈ വർഷം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് വെറും 54 പേർക്ക് മാത്രമായിരുന്നു രോഗബാധയുണ്ടായിരുന്നത്. നിലവിൽ കോളയാടിയിൽ മാത്രം 502 കുട്ടികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുള്ളത്. ഇതിൽ 47 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
സമ്പർക്കത്തിലൂടെ രോഗം പകരുന്നത് തടയുന്നതിനായി കടുത്ത പ്രതിരോധ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലെയും സ്കൂളുകൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുമായി പുറത്തുപോകുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് രക്ഷിതാക്കൾക്ക് കർശന നിർദ്ദേശം നൽകി. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും നിലവിലേത് അതീവ ജാഗ്രത വേണ്ട അസാധാരണ സാഹചര്യമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
മനുഷ്യന്റെ കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. കടുത്ത വയറിളക്കം, പനി, ശക്തമായ വയറുവേദന, കടുത്ത ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും ഒരേപോലെ രോഗലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുക. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.