
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ താമസിക്കുന്ന 62 കാരിയായ മറിയ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
മൂന്ന് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് മറിയ എലുമ്പുലാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയില്ലാതിരുന്നതിനാൽ വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
തുടർന്ന് രോഗം ഗുരുതരമായതോടെ ഇവരെ വമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലാക്കി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.