കേരളത്തിൽ മഴ കനക്കുന്നു….. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ബുധനാഴ്ച എല്ലാ ജില്ലകളിലും കനത്ത ജാഗ്രത


        
സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഇന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത വർദ്ധിക്കുമെന്നും ബുധനാഴ്ചയോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത 3 മുതൽ 4 ദിവസങ്ങൾക്കുള്ളിൽ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രവചനം. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജൂൺ നാല് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ 3, 4 തീയതികളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ പെയ്യാനിടയുള്ള കനത്ത മഴ കാരണം മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

أحدث أقدم