
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് കേരള പോലീസ്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ അമ്മ അഖില തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തിയിരുന്നോ എന്ന് കണ്ടെത്താനായി നെടുമങ്ങാട് പോലീസ് സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്. കുഞ്ഞ് കൊല്ലപ്പെട്ട ദിവസം താൻ നാഗർകോവിലിൽ ഒരു ഡാൻസ് പരിപാടിക്ക് പോയിരിക്കുകയായിരുന്നു എന്നാണ് അഖില പോലീസിന് നൽകിയ മൊഴി. എന്നാൽ ഇവരുടെ ഇടയ്ക്കിടെയുള്ള തമിഴ്നാട് യാത്രകളിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. കൊലപാതകത്തിൽ അഖിലയ്ക്കെതിരെ നിലവിൽ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനോട് പ്രതികൾ കാട്ടിയത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് വ്യക്തമാക്കുന്നതാണ് കോടതിയിൽ പോലീസ് സമർപ്പിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ മരണകാരണം നെഞ്ചിലേറ്റ അതിശക്തമായ ചവിട്ടാണെന്ന് പോലീസ് കണ്ടെത്തി. ചവിട്ടിന്റെ ആഘാതത്തിൽ അർഷിദിന്റെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞുതൂങ്ങി. തുടർന്നാണ് ആന്തരികാവയവങ്ങൾക്ക് മാരകമായി പരിക്കേറ്റത്. തലയ്ക്കേറ്റ കനത്ത ക്ഷതം കാരണം അഞ്ചിടത്ത് രക്തം കട്ടപിടിച്ച് നീർക്കെട്ടുണ്ടായതായും പോലീസ് കോടതിയെ അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ ചെറുതും വലുതുമായ 91 മുറിവുകളാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. ഇതിൽ പകുതിയോളം മുറിവുകളും മാസങ്ങൾ പഴക്കമുള്ളതാണ്. കുഞ്ഞ് നിരന്തരമായി ക്രൂര പീഡനത്തിന് ഇരയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയിൽ കുഞ്ഞ് പെട്ടെന്ന് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഖിലയുടെ ആൺസുഹൃത്തായ അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ അറിയിക്കുകയും പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിയുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അഷ്കർ കുറ്റം സമ്മതിച്ചു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞെന്നും, ദേഷ്യം വന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പറഞ്ഞത്. അടിയേറ്റതോടെ കുഞ്ഞിന്റെ ബോധം നഷ്ടമാവുകയായിരുന്നു. അഷ്കർ കുഞ്ഞിനെ സ്ഥിരമായി മർദ്ദിച്ചിരുന്നതായി അമ്മ അഖിലയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകക്കേസിന് പുറമേ പ്രതി അഷ്കറിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകളിലും പോലീസ് അന്വേഷണം ശക്തമാക്കുകയാണ്. വിവിധ സ്ത്രീകളെ സൌഹൃദം നടിച്ച് വലയിലാക്കി വിവാഹ വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നത് ഇയാളുടെ സ്ഥിരം രീതിയായിരുന്നുവെന്ന് പോലീസിന് ലഭിച്ച മൊഴികളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ പണം തട്ടിയതുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റ് പരാതികളും പോലീസ് പ്രത്യേകം അന്വേഷിക്കും.