വാൽപാറയിൽ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്


വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഉത്തരേന്ത്യൻ തൊഴിലാളിയായ ദിൽവാർ അലിക്കാണ് പരിക്കേറ്റത്. അപ്പർ പരലൈ എസ്റ്റേറ്റിൽ തേയിലച്ചെടികൾക്ക് മരുന്ന് തളിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഈ സമയം അഞ്ച് തൊഴിലാളികളാണ് ജോലിയിൽ ഉണ്ടായിരുന്നത്.

തോട്ടത്തിൽ ഒളിച്ചിരുന്ന കരടി ദിൽവാർ അലിയെ ആക്രമിക്കുകയായിരുന്നു. തലയിൽ പരിക്കേറ്റ് തൊഴിലാളിയുടെ നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്നവർ ബഹളംവെച്ച് കരടിയെ വനമേഖലയിലേക്ക് ഓടിച്ചുവിട്ടു. പരിക്കേറ്റ ദിൽവാർ അലിയെ ആദ്യം വാൽപാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ വാൽപാറയിൽ കരടി ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം അടുത്തിടെ വർധിച്ചതായി വനംവകുപ്പ് അറിയിച്ചു. വാട്ടർഫോൾ, കവർകൽ, റോട്ടിക്കട, അയ്യർപാടി തുടങ്ങിയ മേഖലകളിൽ കരടികളുടെ സാന്നിധ്യം കൂടുതലായതിനാൽ തേയിലത്തോട്ട തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കരടി ആക്രമണങ്ങൾ വർധിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.

Previous Post Next Post