കോഴിക്കോട്: ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ റീല്‍സ് ചിത്രീകരണത്തിന് കനത്ത നിയന്ത്രണമേർപ്പെടുത്തി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറല്‍. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് കർശന നിർദേശം. ഉത്തരവ് ലംഘിച്ച് റീൽസ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ കടുത്ത വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ ജനറലിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. സേനയിലെ ചില ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതിനെതിരെ വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ പുതിയ നടപടി.



വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രമായി ഔദ്യോഗിക റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും പുതിയ ഉത്തരവിൽ ഇളവ് നൽകിയിട്ടുണ്ട്. വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് ഫയർഫോഴ്സിന്റെ സേവനങ്ങളുമായി യാതൊരു ബന്ധമില്ലാത്തതോ, വകുപ്പിന്റെ സൽപ്പേരിന് കളങ്കം ചാര്‍ത്തുന്നതോ ആയ രീതിയിൽ റീല്‍സുകൾ ചിത്രീകരിക്കുന്നത് ഒരു തരത്തിലും അനുവദനീയമല്ല. ഇത്തരം പ്രവണതകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു എന്നും ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു. സമീപകാലത്തായി സോഷ്യൽ മീഡിയയിൽ ഫയർഫോഴ്സ് ജീവനക്കാരുടെ റീൽസുകൾക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു. സമീപകാലത്തായി സോഷ്യൽ മീഡിയയിൽ ഫയർഫോഴ്സ് ജീവനക്കാരുടെ റീൽസുകൾക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു. എന്നാൽ ഇത് ഔദ്യോഗിക പദവിക്കും സേനയുടെ അന്തസ്സിനും നിരക്കാത്ത രീതിയിലേക്ക് മാറുന്നു എന്ന ആക്ഷേപം ശക്തമായതോടെയാണ് ഇപ്പോൾ ഫയർഫോഴ്സ് ആസ്ഥാനത്തുനിന്ന് തന്നെ കടുത്ത നിയന്ത്രണങ്ങൾ വന്നിരിക്കുന്നത്.