ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്… കോടതിയെ സമീപിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരിട്ട് കക്ഷിചേരുന്നു. കേസിൽ കക്ഷിചേരുന്നതിനായി ഇഡി കോടതിയിൽ ഔദ്യോഗികമായി അപേക്ഷ നൽകും. ഇതിനുപുറമേ, കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് എതിരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഇഡി പരാതി നൽകുമെന്നാണ് വിവരം.

പോലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും അവഗണിച്ച് പ്രോസിക്യൂട്ടർ പ്രതിയുമായി ഒത്തുകളിച്ചെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. കേസിലെ ഒമ്പതാം പ്രതിയും സിപിഎം പ്രവർത്തകനുമായ കടകമ്പള്ളി സ്വദേശി ഹരീഷ് കുമാറിന് കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഇഡിയുടെ ശക്തമായ നീക്കം. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മേയ് 27-നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ ഉൾപ്പെടെ രാജ്യത്തെ 12 കേന്ദ്രങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്തെ വസതിയിൽ ഏകദേശം 8 മണിക്കൂറോളം പരിശോധന നീണ്ടുനിന്നിരുന്നു. പരിശോധനകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ഒത്തുകൂടിയ പ്രതിഷേധക്കാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കല്ലുകൾ, കമ്പുകൾ, കട്ടകൾ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. കേസിൽ കക്ഷിചേരുന്നതോടെ പ്രതികൾക്കെതിരെ കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് ഇഡിയുടെ തീരുമാനം.


        

Previous Post Next Post