പകർച്ചവ്യാധികൾ പടരുന്നു…. സംസ്ഥാനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം



        

രാജ്യത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി. നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. രോഗ പ്രതിരോധം, ശക്തമായ നിരീക്ഷണം, കൃത്യമായ രോഗനിർണ്ണയം, ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവ സംസ്ഥാനങ്ങൾ കർശനമായി പാലിക്കണം. കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുജന അവബോധ കാമ്പെയ്‌നുകൾ ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

കേന്ദ്ര നിർദ്ദേശങ്ങൾക്കിടെ കേരളത്തിൽ പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. തലസ്ഥാനത്ത് വീണ്ടും എം-പോക്‌സ് റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ എം-പോക്‌സ് കേസാണിത്. ഈ മാസത്തെ ആദ്യ കേസ് കൂടിയാണിത്. സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി മാരകമായ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 9 പേർ, തൃശൂർ 3 പേർ, തിരുവനന്തപുരം 2 പേർ, കണ്ണൂർ 2 പേർ, ആണ്. കൊല്ലം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ 1 ആളും ആണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്ട്‌ബ്രേക്ക് (Outbreak) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), കണ്ണൂർ (7), ഇടുക്കി (3), എറണാകുളം (2) എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ 186 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതിൽ 110 കേസുകളും ഈ ജൂൺ മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്തവയാണ്.

സംസ്ഥാനത്ത് ഇന്ന് മാത്രം 68 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതിനൊപ്പം ഭീതിയുണർത്തി സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിതരുടെ എണ്ണവും മറ്റ് പകർച്ചവ്യാധികളും കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയംചികിത്സ ഒഴിവാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

        

أحدث أقدم