
ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും കാരണം അടച്ചിട്ടിരുന്ന പൊന്മുടി എക്കോ ടൂറിസം കേന്ദ്രം നാളെ (ജൂൺ 15, തിങ്കളാഴ്ച) മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. പ്രദേശത്ത് ദിവസങ്ങളോളം തുടർന്നിരുന്നു ശക്തമായ മഴയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ജൂൺ 8-നാണ് പൊന്മുടിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം വനം വകുപ്പ് താൽക്കാലികമായി നിരോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതും കാലാവസ്ഥ മെച്ചപ്പെട്ടതുമാണ് എക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. നിലവിൽ ജില്ലയിൽ കാര്യമായ മഴ മുന്നറിയിപ്പുകളൊന്നും നിലനിൽക്കുന്നില്ല.കാലാവസ്ഥയും പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പൊന്മുടി വീണ്ടും തുറക്കാൻ അനുമതി നൽകിയത്. ഇതോടെ തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്ക് പതിവുപോലെ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാകും.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂൺ 17 വരെ തിരുവനന്തപുരം ജില്ലയിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇതും വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറക്കാനുള്ള തീരുമാനത്തിന് അനുകൂല ഘടകമായി.