വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ



വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണങ്ങൾക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നൽകിയവർ ഇപ്പോൾ മലക്കം മറിയുമ്പോൾ പ്രശ്നബാധിതർ തീർത്തും അരക്ഷിതരാണ്. മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണത്തിനായി സമഗ്ര കർമ്മ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചിരുന്നത്. ആ പദ്ധതികൾ പകർത്തി പുതിയ മട്ടിൽ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാർഗവും സർക്കാർ നിർദ്ദേശിക്കുന്നില്ല. പ്രതിബദ്ധതയോടെയും ശാസ്‌ത്രീയ മാർഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തിൽ ഇടപെട്ട് സംഘർഷം വലിയ തോതിൽ ലഘൂകരിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു.


അന്ന് കുറ്റം മുഴുവൻ സംസ്ഥാന സർക്കാരിൽ ചാർത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ പുതിയ പ്രതിവിധികൾ ഒന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് 1972-ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ്. സംസ്ഥാനങ്ങളുടെ പൂർണ്ണ അധികാരത്തിലായിരുന്ന ഈ വിഷയം കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റിയതും അക്കാലത്താണ്. ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം പാർലമെൻറ് പാസാക്കിയ ഈ നിയമത്തിലെ 11(1) എ വകുപ്പും, അതുപ്രകാരമുള്ള കർശന നിയന്ത്രണങ്ങളുമാണ് നമ്മുടെ മുന്നിലുള്ള വലിയ വെല്ലുവിളി.

നിയമം പാസാക്കിയ കോൺഗ്രസും, അതിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്താൻ തയ്യാറാവാത്ത ബിജെപിയും ഈ വിഷയത്തിൽ ഒരുപോലെ കുറ്റക്കാരാണ്. എന്നിരുന്നാലും, ഫെഡറൽ വ്യവസ്ഥയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വനമേഖലയിലെ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകാനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരുകൾ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും, വനം ഭേദഗതി ബില്ലും കഴിഞ്ഞ സർക്കാർ പാസാക്കിയത്.

എന്നാൽ ഗവർണർ ഈ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയും ഒടുവിൽ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. കേന്ദ്ര നിയമങ്ങൾ പ്രതിബന്ധമാണെന്ന വനം മന്ത്രിയുടെ മുൻകൂർ ജാമ്യം യുഡിഎഫിൻറെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. മലയോര ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങുന്ന ഈ ഘട്ടത്തിൽ നാല് മനുഷ്യജീവനുകളാണ് നഷ്ടമായത്. ഇത് സർക്കാർ അനാസ്ഥയുടെ വിലയാണെന്ന് ഓർക്കേണ്ടതുണ്ട്. ജനങ്ങളോട് ആത്മാർത്ഥത പുലർത്തിക്കൊണ്ട് വന്യജീവി വിഷയത്തിൽ ഇടപെടാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


Previous Post Next Post