നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണം…. ഹൈക്കോടതിയെ സമീപിച്ച് അതിജീവിത


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. മെമ്മറി കാര്‍ഡിലെ വിവരങ്ങൾ ചോർന്നതിലും അന്വേഷണത്തിൽ നടന്ന അട്ടിമറിയിലും സമഗ്രമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ വഴിയാണ് ഹർജി നൽകിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് വേണ്ടി വൃന്ദ ഗ്രോവർ തന്നെയാകും ഹൈക്കോടതിയിലും ഹാജരാകുക. പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൽ മൂന്ന് തവണയാണ് നിയമവിരുദ്ധമായി പരിശോധന നടന്നത്.ആദ്യ പരിശോധന 2018 ജനുവരി 9-ന് രാത്രി 9.58-ന് അന്നത്തെ അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദാണ് മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചത്. രണ്ടാം പരിശോധന 2018 ഡിസംബർ 13-ന് രാത്രി 10.58-ന് ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ കാർഡ് പരിശോധിച്ചു. മൂന്നാം പരിശോധനവിചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീന്റെ വിവോ (Vivo) ഫോൺ ഉപയോഗിച്ചാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്നും പീഡന ദൃശ്യങ്ങൾ കണ്ടതെന്നും റിപ്പോർട്ടിലുണ്ട്. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് 2019 നവംബർ 29-ന് സുപ്രീം കോടതി വിചാരണക്കോടതിക്ക് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ ദൃശ്യം പകർത്താൻ സാധ്യതയുള്ള മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും, എഫ്എസ്എൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധിക്കാവൂ എന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ മാനദണ്ഡങ്ങൾ പാലിച്ചാണ് കേസിൽ പ്രതിയായ ദിലീപിനെയും സംഘത്തെയും പോലും കോടതി ദൃശ്യങ്ങൾ കാണിച്ചത്.


എന്നാൽ, വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ശക്തമായിരുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് ശിരസ്തദാർ താജുദ്ദീനെ മെമ്മറി കാർഡ് ഏൽപ്പിക്കുകയും, അയാൾ സ്വന്തം മൊബൈലിലിട്ട് ഇത് പരിശോധിക്കുകയുമായിരുന്നു. എന്നാൽ ദുരൂഹത വർദ്ധിപ്പിച്ചുകൊണ്ട്, മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു എന്നാണ് താജുദ്ദീൻ മൊഴി നൽകിയിരിക്കുന്നത്. വിചാരണക്കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ കടുത്ത ദുരൂഹതയുണ്ടെന്ന് അതിജീവിത ഹർജിയിൽ ആരോപിക്കുന്നു.

Previous Post Next Post