അന്ന് കെ കെ ശൈലജയെ ‘നിപ റാണി’ എന്ന് വിളിച്ച് അപമാനിച്ചു…. ഇന്ന് മുരളീധരനെതിരെ ‘കർമ്മഫലം’ തിരിഞ്ഞുകൊത്തുന്നു’


കാസർകോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ, നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുൻപ് നടത്തിയ ഒരു വിവാദ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഇടത് മുന്നണി സർക്കാരിന്റെ കാലത്ത് നിപ ബാധയുണ്ടായപ്പോൾ, ഭരണാധികാരികളുടെ കുഴപ്പം കൊണ്ടാണ് രോഗം വരുന്നതെന്ന രീതിയിൽ മുരളീധരൻ നടത്തിയ പരാമർശമാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നത്. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും മുൻ ആരോഗ്യ മന്ത്രിമാരായ കെ.കെ ശൈലജ, വീണാ ജോർജ് എന്നിവരടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

മുൻപ് പ്രതിപക്ഷത്തിരിക്കെ കെ. മുരളീധരൻ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘പണ്ടൊരു ചൊല്ലുണ്ട്, എരണം കെട്ടവർ നാട് ഭരിച്ചാൽ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങൾ… നിപ… വവ്വാൽ ആണത്രേ നിപ പരത്തുന്നത്. കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാൽ ഉണ്ടായില്ലേ നമ്മുടെ നാട്ടിൽ? ഇപ്പോൾ എന്താണ് നിപ ഉണ്ടാകാൻ കാരണം? ഭരിക്കുന്നവർ ശരിയല്ല, അതുകൊണ്ടുതന്നെയാണ്.’ സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെയാണ് സോഷ്യൽ മീഡിയ ഈ പഴയ പ്രസംഗം ‘കുത്തിപ്പൊക്കിയത്’. ആരോഗ്യ മന്ത്രി പദവിയിൽ ഇരിക്കെ മുരളീധരന് നേരിടേണ്ടി വന്ന ഈ സാഹചര്യം വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടത് കേന്ദ്രങ്ങൾ.

ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കൊവിഡും പോലുള്ള മഹാമാരികൾ വരുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ വിമർശിച്ചു. കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം. മുൻപ് തന്നെ ‘നിപ റാണി’ എന്ന് വിളിച്ച് അപമാനിച്ചിരുന്നുവെന്നും എന്നാൽ അത്തരത്തിലുള്ള തരംതാണ പ്രതികരണങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ശൈലജ വ്യക്തമാക്കി. കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും അവർ ഓർമ്മിപ്പിച്ചു. കെ. മുരളീധരൻ നടത്തിയ പ്രസംഗം പലരും തനിക്ക് അയച്ചു നൽകിയിരുന്നുവെന്നും ശരി തെറ്റുകൾ കാലം തെളിയിക്കട്ടെയെന്നുമായിരുന്നു മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വീണയുടെ പ്രതികരണം.
Previous Post Next Post