ബെൽഫാസ്റ്റ് യുകെ: നോർത്തേൺ അയർലൻഡിൽ നടുറോഡിൽ ആക്രമണത്തിന് ഇരയായ വ്യക്തി നേരത്തേയും കൊടും കൂരതയെ അതിജീവിച്ച വ്യക്തി. സംഭവം സ്കോട്ലൻഡിലെ എഡിൻബറോയിൽ വച്ചായിരുന്നെങ്കിൽ വീണ്ടും ആക്രമണത്തിന് ഇരയായത് സ്വന്തം നഗരത്തിൽ.
തലയ്ക്കും മുഖത്തിനും പുറത്തിനും ആഴത്തിൽ മുറിവേറ്റ സ്റ്റീഫൻ ഒഗിൽവി(44) ബെൽഫാസ്റ്റിലെ ആശുപ്രതി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമത്തിൽ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് പൂർണ്ണമായും തകരുകയും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്.
വേദനയിലേക്കുണർന്ന ഒഗിൽവി 2001-ൽ വെസ്‌റ്റ് ലോധിയനിലെ ലിവിങ്സ്റ്റണിലുള്ള ഒരു ഫ്ലാറ്റിൽ വച്ചായിരുന്നു സ്റ്റീഫൻ ഒഗിൽവി എന്ന യുവാവ് ക്രൂരമായ അതിക്രമം നേരിട്ടതും തിരികെ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തിയതും. ഡേവിഡ് മക്ലീവ് എന്നയാളും സംഘവും ഒഗിൽവിക്കു 'ഡേറ്റ് റേപ്പ്' ലഹരി ജിഎച്ച്ബി (GHB) നൽകി ബോധം കെടുത്തിയ ശേഷം, വസ്ത്രങ്ങൾ പൂർണമായി അഴിച്ചുമാറ്റി, ശരീരത്തിൽ ആഫ്റ്റർ ഷേവ് ലോഷൻ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ശരീരമാകെ തീ പടർന്ന് പിടിക്കുന്ന വേദനയിലാണ് അന്ന് ഒഗിൽവി ഉണർന്നത്. ഈ ക്രൂരതകൾ മുഴുവൻ അക്രമികൾ വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. അന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ബെൽഫാസ്റ്റിലേക്ക് മടങ്ങിയ ഒഗിൽവിയെ അക്രമിയുടെ കൂട്ടാളികൾ കാറിൽ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ കേസിൽ പ്രധാന പ്രതിക്കു 14 വർഷവും മറ്റ് കൂട്ടാളികൾക്ക് വിവിധ കാലാവധികളിലേയ്ക്കും തടവുശിക്ഷ ലഭിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം സ്വന്തം നാട്ടിൽ ഒഗിൽവി ജീവനും മരണത്തിനും ഇടയിലുള്ള നൂൽപാലത്തിലൂടെ സഞ്ചരിക്കുകയാണ്
ഞാൻ ഒരാളെ കൊന്നു, അയാൾ മരിച്ചോ എന്നറിയില്ല' തിങ്കളാഴ്ച രാത്രി ബെൽഫാസ്റ്റ് കിന്നൈർഡ് അവന്യൂവിൽ ഒഗിൽവിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഹാദി അലോദിദിന് (30) എതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. സുഡാനിയും അഭയാർത്ഥിയുമായ ഇയാൾ ഡങ്കൈൻ അവന്യൂവിലാണു താമസിച്ചിരുന്നത്. വധശ്രമത്തിനു പുറമേ മാരകായുധം കൈവശം വെക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നേരത്തേ പരിക്കേറ്റു ചികിത്സയിലിരിക്കെ ഒരു വനിതാ എൻഎച്ച്എസ് (NHS) റേഡിയോഗ്രാഫറെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയപ്പോൾ 'ഞാൻ ഒരാളെ കൊന്നു, അയാൾ മരിച്ചോ എന്ന് അറിയില്ല" എന്ന് ഇയാൾ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ വീഡിയോ കോൺഫറൻസ് വഴിയാണു പ്രതിയെ ഹാജരാക്കിയത്. ഗ്രേ നിറമുള്ള കഡി വസ്ത്രം ധരിച്ചു, കസേരയിൽ ചരിഞ്ഞിരുന്ന പ്രതിക്കു വേണ്ടി അറബിക്പരിഭാഷകൻ സഹായത്തോടെയാണു കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. തനിക്കു കേസ് നടത്തിപ്പിന് അഭിഭാഷക സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ പ്രതി പക്ഷേ ജാമ്യത്തിനായി വാദിച്ചു. എന്നാൽ പ്രതിക്ക് പുറംരാജ്യങ്ങളുമായി ബന്ധമുള്ളതിനാലും പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാലും കോടതി ജാമ്യം നിഷേധിച്ചു.പ്രതിയെ ജൂലൈ 8 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.