ആരോഗ്യവകുപ്പിൽ സർവ്വത്ര ആശയക്കുഴപ്പം…. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന മന്ത്രി കെ മുരളീധരന്റെ വാദം തള്ളി ഡിഎംഒ


        

പാലക്കാട്: സംസ്ഥാനത്ത് നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന വിമർശനം ശക്തമാകുന്നതിനിടെ, ആരോഗ്യവകുപ്പിൽ മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിൽ കടുത്ത ആശയക്കുഴപ്പവും ഏകോപനമില്ലായ്മയും. പാലക്കാട് ജില്ലയിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ ഔദ്യോഗിക പ്രസ്താവന പൂർണ്ണമായി തള്ളി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (DMO) രംഗത്തെത്തിയതോടെ സംഭവം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പാലക്കാട് ജില്ലയിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മന്ത്രിയുടെയും പ്രഖ്യാപനം. എന്നാൽ ഈ പരിശോധനാഫലം പൂർണ്ണമായും നെഗറ്റീവ് ആണെന്ന് പാലക്കാട് ഡിഎംഒ ഡോ. ടി.വി. റോഷ് സ്ഥിരീകരിച്ചു. വയറിളക്കവും ഛർദ്ദിയുമായി പാലക്കാട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടുപേർ ചികിത്സയിൽ ഉണ്ടായിരുന്നു. കോളറയാണെന്ന സംശയത്തിൽ ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവ് ആകുകയായിരുന്നു. ഡിഎംഒയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെ, കൃത്യമായ വിവരങ്ങൾ ശേഖരിക്കാതെയാണോ ആരോഗ്യ മന്ത്രി പരസ്യ പ്രസ്താവന നടത്തിയത് എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും രണ്ടു തട്ടിൽ സംസാരിക്കുന്നത് ആരോഗ്യവകുപ്പിലെ കൂട്ടുത്തരവാദിത്തത്തിന്റെ പോരായ്മയാണ് വ്യക്തമാക്കുന്നത്.ആശയക്കുഴപ്പങ്ങൾക്ക് പുറമെ സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. നിപ ബാധിതർക്ക് നിലവിൽ നൽകിക്കൊണ്ടിരുന്ന ജീവൻരക്ഷാ മരുന്നായ ‘റെംഡിസിവിർ’ പലയിടത്തും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇതേത്തുടർന്ന് റെംഡിസിവിറിന് പകരമായി ‘റിബവൈറിൻ’ എന്ന മരുന്നാണ് ഇപ്പോൾ രോഗികൾക്ക് നൽകുന്നത്. മാത്രമല്ല, നിപ ചികിത്സയിൽ അതീവ നിർണ്ണായകമായ ‘മോണോക്ലോണൽ ആന്റിബോഡി’ രോഗബാധ സ്ഥിരീകരിച്ച് ദിവസങ്ങൾ വൈകി ഇന്നലെ മാത്രമാണ് സംസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞത്. പകർച്ചവ്യാധി ഭീതിയിൽ ജനങ്ങൾ കഴിയുമ്പോൾ ആരോഗ്യവകുപ്പിൽ തുടരുന്ന ഈ അനാസ്ഥയും ഏകോപനമില്ലായ്മയും വരും ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കും.

أحدث أقدم