സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ എം. ശിവപ്രസാദ്…. വ്യാജ പ്രചരണം പിഎസ്‌സി പരീക്ഷയെക്കുറിച്ച്



        

തിരുവനന്തപുരം: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണത്തിലും വ്യാജ പ്രചരണങ്ങളിലും പരാതിയുമായി എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ എം. ശിവപ്രസാദ്. ഡിജിപിക്കും സൈബർ പൊലീസിനും അദ്ദേഹം പരാതി നൽകി. തന്റെ പേരും ചിത്രവും വീഡിയോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും മാനഹാനി ഉണ്ടാക്കുന്നതുമായ ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്നാണ് ശിവപ്രസാദിന്റെ പരാതി.


വ്യക്തിപരമായ സൽപേരിനും സാമൂഹ്യപ്രതിച്ഛായയ്ക്കും ഗുരുതരമായ ദോഷം വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ വ്യാജ പോസ്റ്റർ നിർമ്മിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ വഴി വ്യാപകമായി പ്രചരിപ്പിച്ചു. കൂടാതെ പിഎസ്‌സി ചോദ്യപേപ്പർ ചോർത്തിയാണ് താൻ പരീക്ഷ പാസായത് എന്ന രീതിയിലും വ്യാജ പ്രചരണം നടത്തിയതായി എം. ശിവപ്രസാദ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

വ്യാജ പ്രചരണങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അദ്ദേഹം ഡിജിപിക്ക് പരാതി കൈമാറിയിരിക്കുന്നത്. ഇതിന് പുറമെ ആലപ്പുഴ ജില്ലാ സൈബർ ക്രൈം പൊലീസിലും രണ്ട് പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ നൽകിയ പരാതികളിൽ ഇതുവരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഈ പരാതികളിൽ സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുമെന്നാണ് സൂചന
Previous Post Next Post