സിപിഎമ്മിൽ വൻ ഭിന്നത: വി. ജോയിയെ നിലനിർത്തിയതിൽ പ്രതിഷേധം…. സെക്രട്ടറിയേറ്റ് യോഗം ബഹിഷ്‌കരിച്ച് വി. ശിവൻകുട്ടി





തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ ഭിന്നത രൂക്ഷമാകുന്നു. വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാൻ അനുവദിക്കുന്നതിലുള്ള കടുത്ത എതിർപ്പിനെത്തുടർന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. ഇന്ന് രാവിലെ 9:30-ന് ആരംഭിച്ച നിർണായകമായ യോഗത്തിൽ നിന്നാണ് ശിവൻകുട്ടി പങ്കെടുക്കാതെ മാറിനിൽക്കുന്നത്. തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയും ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട.

എന്നാൽ ഈ ചർച്ചകളിലേക്ക് കടക്കും മുൻപ് തന്നെ പാർട്ടിയിൽ ഭിന്നത പരസ്യമാവുകയായിരുന്നു. സിപിഐഎം സംസ്ഥാന സമിതി അംഗമായ വി. ശിവൻകുട്ടി, തിരുവനന്തപുരത്തെ എല്ലാ സംഘടനാ യോഗങ്ങളിലും മുടക്കമില്ലാതെ പങ്കെടുക്കുന്ന നേതാവാണ്. മന്ത്രിയായിരുന്നപ്പോൾ പോലും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിട്ടില്ലെന്നിരിക്കെ, ഇന്നത്തെ വിട്ടുനിൽക്കൽ പാർട്ടിക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഇന്നലെ നടന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി. ജോയിയെ ജില്ലാ സെക്രട്ടറിയായി നിലനിർത്താൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തെ കടകംപള്ളി സുരേന്ദ്രൻ ശക്തമായി എതിർത്തിരുന്നു. വി. ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യമാണ് കടകംപള്ളി മുന്നോട്ടുവെച്ചത്. എന്നാൽ സമ്മേളനം തിരഞ്ഞെടുത്ത വി. ജോയി തന്നെ സ്ഥാനത്ത് തുടരട്ടെ എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. മുതിർന്ന നേതാക്കളായ ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ എന്നിവർ ജോയിയെ അനുകൂലിക്കുകയും ചെയ്തു.

എംഎൽഎമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുക എന്നതാണ് സിപിഎമ്മിലെ പൊതുവായ സംഘടനാ രീതി. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ വിഭാഗീയതയും തർക്കവും കാരണമാണ് ജോയിക്ക് പദവി ഒഴിയാൻ സാധിക്കാത്തത് എന്നാണ് വിവരം. നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് വി. ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താത്കാലികമായി മാറ്റിയിരുന്നു. തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗമായ എ.എ. റഹീമിനായിരുന്നു ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ജോയി തന്നെ പദവിയിൽ തുടരുന്നതിനെതിരെയുള്ള അതൃപ്തിയാണ് ഇപ്പോൾ വി. ശിവൻകുട്ടിയുടെ യോഗം ബഹിഷ്‌കരിക്കലിലൂടെ പുറത്തുവരുന്നത്



Previous Post Next Post