
കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കാൻ നിർദ്ദേശം. നിലവിൽ ജില്ലയിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഡി.എം.ഒ അറിയിച്ചു. എന്നാൽ 443 പേർക്ക് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് തലത്തിൽ അടിയന്തര അവലോകന യോഗം ചേരുമെന്നും കിണറുകളിൽ ക്ലോറിനേഷൻ ഡ്രൈവ് നടത്തുമെന്നും മന്ത്രി ടി സിദ്ദിഖ് അറിയിച്ചു.
ആദിവാസി ഊരുകളിൽ പ്രത്യേക പരിശോധന നടത്തും. കോളിയാടിക്ക് സമീപമുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. നിലവിൽ ഡിസ്ചാർജ് ചെയ്ത ചില കുട്ടികൾക്കും വീണ്ടും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അതിനാൽ സ്കൂളുകളിൽ നിന്നുള്ള സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഇപ്പോൾ നിരീക്ഷണത്തിലാണ്. 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേക നിരീക്ഷണത്തിലാക്കി അവിടെ ആരോഗ്യസംഘം സന്ദർശനം നടത്തും.ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനും മുന്നറിയിപ്പ് നൽകി. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളത്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.
ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച 21 സാമ്പിളുകളിൽ രണ്ടെണ്ണത്തിന്റെ ഫലമാണ് നിലവിൽ ലഭിച്ചത്. രോഗലക്ഷണങ്ങളുള്ള 443 പേരിൽ 68 പേർ വിവിധ ആശുപത്രികളിൽ അഡ്മിറ്റാണ്. ഇതിൽ 26 പേർ ബത്തേരി താലൂക്ക് ആശുപത്രിയിലും 42 പേർ മറ്റ് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. 14 പേർക്ക് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരടക്കം 163 പേർ നിലവിൽ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ അറിയിച്ചു