മന്ത്രി കെ എം ഷാജിക്കെതിരെയും കടുത്ത ഭാഷയിലാണ് എ കെ ബാലൻ പ്രതികരിച്ചത്. ഷാജിക്ക് ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും എന്നാൽ ആ മാറ്റം യുഡിഎഫിനല്ല, മറിച്ച് ബിജെപിക്കാണ് അനുകൂലമെന്നും അദ്ദേഹം കടന്നാക്രമിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ എംബ്ലം പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന കെ എം ഷാജിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ബാലൻ പരിഹസിച്ചു. യുഡിഎഫ് ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുകയാണെന്ന് ആരോപിച്ച അദ്ദേഹം, കേന്ദ്ര സർക്കാരിനെതിരെ ഒന്നും പറയാൻ കെ എം ഷാജിയും യുഡിഎഫും തയ്യാറാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. ‘മതമാണ് പ്രശ്നം’ എന്ന് മാത്രം ഇനി അവർ ഭേദഗതി ചെയ്താൽ മതിയെന്നും ബാലൻ പരിഹസിച്ചു.
പിണറായി വിജയൻ സംഘികളുടെ ആളാണെന്ന് മുൻപ് പ്രചരിപ്പിച്ചവർക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷേക്‌സ്പിയർ കൃതികളിലെ പ്രതികാര ദേവതയെപ്പോലെ കാലം യുഡിഎഫിന് തിരിച്ചുനൽകുന്ന പ്രഹരമാണിതെന്നും എ കെ ബാലൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.