മദ്യപാനത്തിനിടെ തർക്കം… കൊല്ലത്ത് വർക്ക് ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി… പ്രതിയായ സുഹൃത്ത് പിടിയിൽ


കൊല്ലം: പടിഞ്ഞാറേക്കല്ലടയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വർക്ക് ഷോപ്പ് ഉടമയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കാരാളിമുക്ക് വലിയവിളയിൽ വീട്ടിൽ ഷിബു (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പട്ടകടവ് പ്ലാവിള ചെരുവിൽ ഉന്മേഷിനെ (50) ശാസ്താംകോട്ട പൊലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പടിഞ്ഞാറെക്കല്ലട പട്ടകടവ് കുരിശടിക്ക് സമീപമുള്ള ഉന്മേഷിന്റെ വീട്ടിലിരുന്ന് ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.

മദ്യലഹരിയിൽ ഇരുവരും തമ്മിൽ പെട്ടെന്ന് വാക്കുതർക്കമുണ്ടാവുകയും, ഇത് രൂക്ഷമായതോടെ പ്രതിയായ ഉന്മേഷ് വീട്ടിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് ഷിബുവിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന ഷിബുവിനെ ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഷിബു കാരാളിമുക്കിന് സമീപമുള്ള മാമ്പുഴ ജങ്ഷനിൽ ഇരുചക്രവാഹന വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അറസ്റ്റിലായ പ്രതി ഉന്മേഷിനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post