ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റം…. കളർകോഡ് മാറ്റാൻ ശുപാർശ ചെയ്ത് എസ്ടിഎ


സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിലവിലുള്ള വെള്ള നിറം മാറ്റുന്നത് സംബന്ധിച്ച നിർണ്ണായക ഫയൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) ഗതാഗത വകുപ്പിന് കൈമാറി. ബസുകളുടെ നിലവിലെ വെള്ള നിറം മാറ്റണമെന്ന അതോറിറ്റി യോഗത്തിന്റെ തീരുമാനമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി ഗതാഗത വകുപ്പാണ് ഇനി അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

2022 ഒക്ടോബറിലുണ്ടായ വടക്കാഞ്ചേരി ബസ് അപകടത്തിൽ ഒമ്പത് പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയാക്കി ഏകീകരിച്ചത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ ബസ് ഉടമകളിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം അന്നുമുതൽ ഉയർന്നിരുന്നു. ഏകീകൃത കളർകോഡ് ടൂറിസ്റ്റ് ബസ് വ്യവസായത്തെ തകർത്തുവെന്നായിരുന്നു ഉടമകളുടെ പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തന്നെ നിറം മാറ്റാമെന്ന കാര്യത്തിൽ ധാരണയായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഫയൽ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നില്ല. തുടർന്ന് ഇന്ന് ചേർന്ന എസ്ടിഎ യോഗത്തിലാണ് തീരുമാനം അടങ്ങുന്ന ഫയൽ ഔദ്യോഗികമായി ഗതാഗത വകുപ്പിന് കൈമാറിയത്വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് യാതൊരുവിധ ശാസ്ത്രീയ തെളിവുകളുമില്ലെന്നും, അതിനാൽ ടൂറിസ്റ്റ് ബസുകൾക്ക് ആകർഷകമായ മറ്റ് നിറങ്ങൾ അനുവദിക്കാമെന്നുമാണ് എസ്ടിഎ സർക്കാരിന് നൽകിയ റിപ്പോർട്ടിലുള്ളത്. ഹൈക്കോടതി നേരിട്ട് ഇടപെട്ട വിഷയമായതിനാൽ തന്നെ നിയമ ഭേദഗതി വരുത്തി വേണം സർക്കാരിന് ഇതിൽ മുന്നോട്ട് പോകാൻ. എസ്ടിഎ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ഗതാഗത വകുപ്പിൽ നിന്നും ഉടൻ തന്നെ ടൂറിസ്റ്റ് ബസ് ഉടമകൾക്ക് അനുകൂലമായ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Previous Post Next Post