
ആലപ്പുഴ: ഹരിപ്പാട്ട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലോകകപ്പ് ഫുട്‌ബോള്‍ വിളംബര ജാഥ പൊലീസ് തടഞ്ഞതിനെച്ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നു. മുൻകൂട്ടി കൃത്യമായ അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐയുടെ ജാഥയ്ക്ക് കുറുകെ പൊലീസ് ജീപ്പ് വട്ടംവെച്ച് തടസ്സം സൃഷ്ടിച്ചത്. ഹരിപ്പാട് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. ജാഥ തടഞ്ഞതോടെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സുരേഷും ഹരിപ്പാട് എസ്‌ഐ ബാബുജിയും തമ്മില്‍ റോഡിൽ വെച്ച് കടുത്ത വാക്കുതര്‍ക്കമുണ്ടായി.
പൊലീസിന്റെ ഭാഗത്തുനിന്നും ഈ രീതിയിലുള്ള ഏകപക്ഷീയമായ പെരുമാറ്റം തുടര്‍ന്നാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വഴിയില്‍ തടയുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സുരേഷ് പരസ്യമായി മുന്നറിയിപ്പ് നൽകി. ജാഥ സംഘടിപ്പിക്കുന്ന കാര്യം കായംകുളം ഡിവൈഎസ്പിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കുന്നത്. എന്നാൽ ഔദ്യോഗിക അനുമതിയില്ലാത്ത ജാഥ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും ഇവിടെ വെച്ച് അവസാനിപ്പിക്കണമെന്നും പൊലീസ് കടുത്ത നിലപാടെടുക്കുകയായിരുന്നു.
സിവിൽ ഡ്രസ്സിലെത്തിയ ഹരിപ്പാട് എസ്‌ഐ അനാവശ്യ പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്ന് ജാഥയുടെ ഉദ്ഘാടകൻ കൂടിയായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അനൗണ്‍സ്‌മെന്റ് വാഹനം പിടിച്ചെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നങ്ങളിലേക്കും സംഘര്‍ഷത്തിലേക്കും പോകുന്നതിന് മുമ്പ് തങ്ങൾ സമാധാനപരമായി ജാഥ അവസാനിപ്പിക്കുകയായിരുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലെയാണ് പൊലീസ് പെരുമാറുന്നതെന്നും മുൻപ് നടന്ന പ്രതിഷേധ ധര്‍ണ്ണകൾക്ക് നേരെയും തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും സുരേഷ് ആരോപിച്ചു. വരും ദിവസങ്ങളിൽ പൊലീസിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.