
ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയുടെ മരണത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷാ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്ന പ്രാഥമിക നിഗമനങ്ങളോടെയാണ് റിപ്പോർട്ട് പുറത്തുവന്നതെങ്കിലും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളാണ് മരണത്തിൽ സംശയത്തിലേക്ക് വഴിമാറ്റിയത്.
കുവൈത്തിലെ സബാഹ് അൽ-സാലം മേഖലയിൽ പ്രവാസി ആത്മഹത്യ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻസ് വിഭാഗത്തിന് സന്ദേശം ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സബാഹ് അൽ-സാലം പൊലീസ് സ്റ്റേഷൻ മേധാവി ക്യാപ്റ്റൻ സാലിഹ് അൽ-റബാഹിന്റെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിംഗ് സംഘം, മെഡിക്കൽ അടിയന്തര വിഭാഗം, ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെൻറിലെ വിദഗ്ദ്ധർ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. തുടർന്ന് ഫോറൻസിക് ഇൻവെസ്റ്റിഗേറ്റർമാർ സംഭവസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചത്.