തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ വെച്ച് വി. മുരളീധരൻ എം.എൽ.എ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിക്കെതിരെ വ്യാപക പ്രതിഷേധം. കുട്ടികളുടെ കൈകളിൽ നൽകാതെ മേശപ്പുറത്തേക്കും കുട്ടികൾക്ക് നേരെയുമായി മിഠായി എറിഞ്ഞു കൊടുക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലടക്കം എം.എൽ.എയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ എം.എൽ.എ നിരുപാധികം മാപ്പ് പറയണമെന്ന് എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.

“നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ” എന്ന് കുറിച്ചുകൊണ്ടാണ് എ.എ. റഹീം ഫേസ്ബുക്കിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റര്‍ എം.എല്‍.എ!മനസ്സില്‍ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്?
അവര്‍ മിടുക്കരായ കുട്ടികളാണ്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍, സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവര്‍. അവരെ പൊതുമധ്യത്തില്‍ അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവര്‍ത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു.
ഒന്നിലേറെത്തവണ ആ സ്‌കൂളില്‍ പോകുകയും, ആ മക്കളുടെ സ്‌നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. പ്രതിഭയും സ്‌നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേര്‍ത്തുപിടിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്…
ആ കുരുന്നുകളോട് എങ്ങനെ പെരുമാറാന്‍
അയിത്തം ആഘോഷമാക്കുന്നവര്‍ക്കേ സാധിക്കൂ..

ഇതേ സ്‌കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എം എല്‍ എ സഖാവ് കടകംപള്ളി സുരേന്ദ്രന്‍ സിനിമ കാണാന്‍ പോയത്.സംസ്ഥാനത്തിന്റെ വിവിധ ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്
ഈ സ്‌കൂളിലുള്ളത്.മിടുക്കരായ കുട്ടികള്‍.
മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തില്‍ ആ കുട്ടികളോടും കേരളത്തോടും എം എല്‍ എ നിരുപാധികം മാപ്പ് പറയണം.മനുസ്മൃതി അല്ല,അംബേദ്കറും,ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്……’