കൺമുന്നിൽ കണ്ടത് വൻ ദുരന്തം… ബെംഗളൂരു ദേശീയപാതയിൽ ഹീറോയായി മലയാളി കെഎസ്ആർടിസി ഡ്രൈവർ


        

മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലും മനസ്സാന്നിധ്യത്തിലും രക്ഷപ്പെട്ടത് ഒരു മനുഷ്യജീവൻ. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറും മലപ്പുറം കാവന്നൂർ സ്വദേശിയുമായ എൻ എം നസീഫിന്റെ ജാഗ്രതയാണ് കർണാടക ആർടിസി ബസ് ഡ്രൈവറെ വൻ അപകടത്തിൽ നിന്നും രക്ഷിച്ചത്. ട്രക്ക് ഇടിക്കാതിരിക്കാൻ ദേശീയപാതയുടെ മറുവശത്തേക്ക് ഓടിക്കയറിയ കർണാടക ബസ് ഡ്രൈവറെ രക്ഷിക്കാൻ നസീഫ് തന്റെ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു. വല്ലാതൊരു രക്ഷപ്പെടലായിരുന്നു അതെന്നാണ് സംഭവത്തെക്കുറിച്ച് നസീഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Geographic Reference

ബസിലെ കണ്ടക്ടറായ നസീഫ് മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ആദ്യ ടോളിൽ എത്തിയപ്പോഴാണ് ഡ്രൈവിങ് സീറ്റിലേക്ക് മാറുന്നത്. വണ്ടി ഓടിച്ച് ഇരുപത് മിനിറ്റോളം കഴിഞ്ഞപ്പോഴാണ് കൺമുന്നിൽ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടതെന്ന് നസീഫ് ഓർക്കുന്നു. ഒരു ട്രക്ക് കർണാടക ആർടിസി ഡ്രൈവറെ ബസിന്റെ മുന്നിലേക്ക് ഇടിച്ച് ഇടുകയായിരുന്നു. ആ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ എന്റെ ബസ് പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിച്ച് ഡിവൈഡറിലേക്ക് കയറ്റിയത്. ജീവിതത്തിൽ ഇതുപോലൊരു സംഭവം ഞാൻ മുഖാമുഖം കണ്ടിട്ടില്ല. നമ്മൾ കാരണം ഒരാളുടെ ജീവൻ തിരിച്ച് കിട്ടിയല്ലോ എന്നതിൽ വലിയ സന്തോഷമുണ്ട് എന്നും കെഎസ്ആർടിസി ഡ്രൈവർ എൻ എം നസീഫ് പറഞ്ഞു. നസീഫിന്റെ ഈ നിർണ്ണായകമായ വെട്ടിക്കലിൽ കെഎസ്ആർടിസി ബസിന് ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം ജീവനും ബസിലെ യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് മറ്റൊരു സഹപ്രവർത്തകന്റെ ജീവൻ കൂടി കാക്കാൻ കഴിഞ്ഞ നസീഫിന്റെ മനസ്സാന്നിധ്യത്തിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

أحدث أقدم