ബെന്നി തോമസ് സ്ഥാനത്ത് തുടരണമെന്നാണ് താനുൾപ്പെടെ പലരും ആഗ്രഹിച്ചതെന്ന് മന്ത്രി പറഞ്ഞു. കെപിസിസി യോഗത്തില്‍ നിയമനവുമായി ബന്ധപ്പെട്ട് ചെറിയ പരാമര്‍ശം ഉണ്ടായി എന്നത് ശരിയാണെന്നും, എന്നാൽ ആ വ്യക്തി തന്നെ അത് തിരുത്തിപ്പറഞ്ഞിട്ടു ണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുവായ ബെന്നി തോമസിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷം വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷത്തിന് പുറമെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് കൂറിലോസും ഈ ബന്ധു നിയമനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ മുതിർന്ന നേതാവ് എം.എം. ഹസനും നിയമനത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ബന്ധുക്കളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുമ്പോള്‍ ജാഗ്രത പുലർത്തണമായിരുന്നുവെന്നും, മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു ഹസന്റെ വിമര്‍ശനം. നിയമനം വിവാദമാകുകയും പാര്‍ട്ടിക്ക് വലിയ രീതിയിൽ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഞായറാഴ്ച ബെന്നി തോമസ് മുഖ്യമന്ത്രിക്ക് രാജിസമർപ്പിച്ചത്. താന്‍ കാരണം മന്ത്രി സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് യാതൊരുവിധ പോറലും ഏല്‍ക്കരുതെന്ന ചിന്തയിലാണ് രാജിവെയ്ക്കുന്നതെന്ന് ബെന്നി തോമസ് പിന്നീട് പ്രതികരിച്ചു.