
ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കും. സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി. വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്നും വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക കൂട്ടുമെന്നും മന്ത്രി അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെന്ന് വനമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും. അപകട ഇൻഷുറൻസ് ട്രിബ്യുണൽ മാതൃകയിൽ നഷ്ടപരിഹാര പദ്ധതിക്കാണ് ആലോചന. മുൻകാലങ്ങളിൽ മതിയായ തുക വനംവകുപ്പിന് കിട്ടിയിട്ടില്ല. വകയിരുത്തിയ തുകയും പകുതിപോലും കിട്ടിയിട്ടില്ല. ഇന്ന് വൈകിട്ട് എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചർച്ച നടത്തുമെന്നും വനം മന്ത്രി വ്യക്തമാക്കി.