ഓപ്പറേഷൻ സിന്ദൂറി’ൽ രാജ്യം കാത്ത വീരപുത്രന്മാർ…ഓപ്പറേഷൻ സിന്ദൂറിലെ ധീരസൈനികരുടെ വിവരങ്ങൾ പുറത്ത്


        

ന്യൂഡൽഹി: അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം നടത്തിയ അതിശക്തമായ ‘ഓപ്പറേഷൻ സിന്ദൂറി’ൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ആദ്യമായി പരസ്യപ്പെടുത്തി. കരസേനയിലെയും വ്യോമസേനയിലെയും ആറ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. ഈ ധീരദേശാഭിമാനികളുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ (National War Memorial) രേഖപ്പെടുത്തിക്കഴിഞ്ഞു. നാല് ദിവസമായി 88 മണിക്കൂർ നീണ്ടുനിന്ന അതിശക്തമായ സൈനിക നീക്കത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ ഇതുവരെ രാജ്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടി വീരമൃത്യുവരിച്ച ആറ് സൈനികർ ഹെഡ്‌ക്വാർട്ടേഴ്‌സ് 10 ഇൻഫൻട്രി ബ്രിഗേഡ് സുബേദാർ മേജർ പവൻ കുമാർ, 4 ജമ്മു & കശ്മീർ ലൈറ്റ് ഇൻഫൻട്രി റൈഫിൾമാൻ സുനിൽ കുമാർ, 5 ഫീൽഡ് റെജിമെന്റ് ലാൻസ് നായിക് ദിനേഷ് കുമാർ, 851 ലൈറ്റ് റെജിമെന്റ് ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളീനായിക്, 237 ഫീൽഡ് വർക്ക്‌ഷോപ്പ് കമ്പനി ഹവിൽദാർ സുനിൽ കുമാർ സിങ്‌, 39 വിങ്‌ – വ്യോമസേന സാർജന്റ് സുരേന്ദ്ര കുമാർ.

2025 ഏപ്രിൽ 22-നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ച് ഭീകരർ സാധാരണക്കാരായ ജനങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. ജനങ്ങളെ വരിവരിയായി മാറ്റിനിർത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു ഭീകരർ. മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 നിരപരാധികളായ പൗരന്മാരാണ് അന്ന് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ ദാരുണമായ ആക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനകളാണെന്ന കൃത്യമായ തെളിവുകൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മണിക്കൂറുകൾക്കകം കണ്ടെത്തിയിരുന്നു.

ഇതിന് പകരമായി പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (PoK) ഭീകര ഒളിത്താവളങ്ങൾ തകർക്കാൻ ഇന്ത്യൻ സൈന്യം ആസൂത്രണം ചെയ്ത വൻ സൈനിക നീക്കമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. 2025 മെയ് 7 ന് പുലർച്ചെയാണ് ഇന്ത്യൻ സേന അതിർത്തി കടന്ന് ഭീകര ക്യാമ്പുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. 88 മണിക്കൂർ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ ഭീകരതാവളങ്ങൾ പൂർണ്ണമായും തകർക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചെങ്കിലും, ആറ് ധീര ജവാന്മാരെ രാജ്യത്തിന് നഷ്ടമാവുകയായിരുന്നു. ഈ ധീരന്മാരുടെ ത്യാഗത്തെ രാജ്യം ഇപ്പോൾ ഔദ്യോഗികമായി വണങ്ങുകയാണ്.


أحدث أقدم