സൗദിയിൽ വാഹനാപകടം… കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു…


സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടി വളപ്പിൽ ലക്ഷ്മണൻ-കനകലത ദമ്പതികളുടെ മകൻ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ദമ്മാമിൽ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു സജീം. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമ്മാമിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

പലതവണ റോഡിൽ മറിഞ്ഞ് വശത്തെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്നിച്ചാണ് പോലീസും രക്ഷാപ്രവർത്തകരും പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ ചോരവാർന്ന് സജീം മരണപ്പെട്ടിരുന്നു. ജീവന്റെ ലക്ഷണങ്ങൾ ബാക്കിയുണ്ടായിരുന്ന ശ്രീലേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി വൈകിയിട്ടും ഇരുവരും തിരിച്ചെത്താഞ്ഞതിനെ തുടർന്ന് പുലർച്ചെ ഒന്നോടെ സുഹൃത്തുക്കൾ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഖത്വീഫ് പോലീസിൽ നിന്നും അപകടവിവരം അറിയുന്നത്. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മരണപ്പെട്ട ശ്രീലേഷിന്റെ കുടുംബത്തെ കാത്തിരുന്നത് വിധിയുടെ ക്രൂരമായ പരീക്ഷണമായിരുന്നു. ശ്രീലേഷിന്റെ ഏക സഹോദരനായ ശ്രീരാഗ് അഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് മരണപ്പെട്ടത്. അനുജന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ തന്നെ ജ്യേഷ്ഠനായ ശ്രീലേഷും പ്രവാസലോകത്ത് അപകടത്തിൽപ്പെട്ട് വിടപറഞ്ഞത് കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി. ശ്രീലേഷിന്റെ പിതാവ് ലക്ഷ്മണൻ ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. അഞ്ച് വർഷം മുൻപ് ഇളയ മകൻ ശ്രീരാഗിന്റെ വിയോഗത്തോടെ രോഗബാധിതയായ അമ്മ കനകലത വീടിന് പുറത്തിറങ്ങാറില്ലായിരുന്നു. അതിനിടയിലാണ് ജ്യേഷ്ഠനെയും മരണം കവർന്ന വാർത്ത ഈ കുടുംബത്തെ തേടിയെത്തുന്നത്. മരണാനന്തര നടപടിക്രമങ്ങൾക്കായി സൗദിയിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

أحدث أقدم